
ഇടുക്കി: കൊവിഡ് 19 ലോക്ക്ഡൌണ്‍ മൂന്നാറില്‍ പെരുവഴില്‍ കുടുങ്ങി യുവാവും കുടുംബവും. ആരോഗ്യവകുപ്പും എസ്റ്റേറ്റ് അധികൃതരും കൈവിട്ടതോടെ മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ സിദ്ധാര്‍ത്ഥും കുടുംബവുമാണ് വഴിയില്‍ കുടുങ്ങിയത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ വേല്‍മുരുകന്‍റെ മകന്‍ തമിഴ്‌നാട് തിരുപ്പൂരില്‍ നിന്നും പാലക്കാട് വാളയാര്‍ വഴി മൂന്നാറിലെത്തിയത്. വ്യാഴാഴ്ച കമ്പനി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് യുവാവിനേയും മാതാപിതാക്കളെയും സഹോദരിയേയും ദേവികുളത്തേക്ക് മാറ്റിയിരുന്നു.
എന്നാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച് വെള്ളിയാഴ്ച ഇവരെ ആംബുലന്‍സില്‍ എസ്റ്റേറ്റിലേക്ക് മടക്കി വിടുകയും ചെയ്തു. എന്നാല്‍ ആംബുലന്‍സ് ഗൂര്‍വിള ചെക്ക് പോസ്റ്റില്‍ കമ്പനി അധിക്യതര്‍ തടയുകയായിരുന്നു. നിരീക്ഷണ കാലാവധി കഴിയാതെ എസ്റ്റേറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടര്‍ന്നാണ് അധിക്യതര്‍ വാഹനം തടഞ്ഞത്. രോഗിയെ എത്തിക്കുന്നത് സംബന്ധിച്ച് ആശയകുഴപ്പമുണ്ടായതോടെ വെള്ളിയാഴ്ച ഉച്ചയോടെ എത്തിയ ആംബുലന്‍സ് രോഗിയെ ചെക്ക് പോസ്റ്റില്‍ ഇറക്കിവിട്ട് മൂന്നാറിലേക്ക് മടങ്ങി.
ആറുമണിക്കുറോളമാണ് കുടുംബം പെരുവഴിയില്‍ കഴിഞ്ഞത്. നോര്‍ക്ക വഴിയാണ് മകന്‍ മൂന്നാറിലെത്തിയതെന്നും കഴിഞ്ഞ ദിവസം തങ്ങളെ ദേവികുളത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ വീണ്ടുമെത്തിയപ്പോള്‍ എസ്‌റ്റേറ്റില്‍ കയറ്റിയില്ലെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ വേലുസ്വാമി പറയുന്നു. വിവരമറിഞ്ഞ് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. കമ്പനി മാനേജ്‌മെന്റും ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തിയതോടെ കുടുംബത്തിന് എസ്റ്റേറ്റില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു. ഗൂഡാര്‍വിള നെറ്റിക്കുടി ലോവര്‍ ഡിവിഷനില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി ഇവിടെയാണ് കുടുംബത്തെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam