കേരളം കണ്ട ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്ന്; 130 കോടി രൂപ വിലയുള്ള ഹെറോയിൻ കടത്തിയ സംഭവം, 4 പേർക്ക് കഠിന ശിക്ഷ

Published : Jun 21, 2025, 07:25 PM ISTUpdated : Jun 21, 2025, 07:43 PM IST
drug peddling

Synopsis

ആഫ്രിക്കയിൽ നിന്ന് കടത്തിയ 130 കോടി രൂപ വിലയുള്ള 22.60 കിലോ ഹെറോയിൻ പിടികൂടിയ കേസിൽ നാല് പ്രതികൾക്ക് കഠിന ശിക്ഷ. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്ന് കടത്തിയ 130 കോടി രൂപ വിലയുള്ള 22.60 കിലോ ഹെറോയിൻ പിടികൂടിയ കേസിൽ നാല് പ്രതികൾക്ക് കഠിന ശിക്ഷ. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി കെ.പി. അനിൽകുമാറാണ് വിധി പ്രസ്താവന നടത്തിയത്.

കേസിൽ പ്രധാന പ്രതികൾക്ക് 60 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. പ്രധാന പ്രതികളായ സന്തോഷ് ലാൽ (43), രമേശ് (33) എന്നിവർക്കാണ് 60 വർഷം വീതം കഠിനതടവും 4 ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. മറ്റ് രണ്ട് പ്രതികളായ ബിനുക്കുട്ടൻ (46), ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

2022 സെപ്തംബർ 20 ന് വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നാണ് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) ഉദ്യോഗസ്ഥർ മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ ഓപ്പറേഷൻ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായി മാറി.

കോടതിയിൽ പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 9 ഭൗതിക തെളിവുകളും 119 രേഖകളും തെളിവായി സ്വീകരിച്ചു. സാക്ഷികൾ പ്രതികളെയും തെളിവുകളെയും തിരിച്ചറിഞ്ഞ് മൊഴി നൽകിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ സാലിഷ് അരവിന്ദാക്ഷൻ, കിരൺ ഗോപിനാഥ് എന്നിവരാണ് ഡിആ‍ർഐയെ പ്രതിനിധീകരിച്ചത്.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 ലെ സെക്ഷൻ 21(c), 23(c), 29(1) എന്നിവ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിനെതിരായ കേരളത്തിന്റെ പോരാട്ടത്തിൽ ഈ വിധി ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ