
എറണാകുളം: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിങ്ങിന് ഇരയായി മരണപ്പെട്ട മിഹിർ അഹമ്മദിന്റെ മരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. മിഹിർ അഹമ്മദിന്റെ അമ്മ സോഷ്യൽ മീഡിയയിൽ കുറിച്ച തുറന്ന കത്തിനെ ഉദ്ധരിച്ചാണ് ഹൈബി കത്ത് നൽകിയത്.
ഒരിക്കലും സംഭവിച്ച് കൂടാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. സ്‌കൂളിലും സ്‌കൂൾ ബസിലും ആ കുട്ടി ശാരീരികവും മാനസികവുമായ ആക്രമണങ്ങൾക്ക് ഇരയായി. വെള്ളക്കാരാണെന്ന് പരിഹസിച്ച് ടോയ്‌ലെറ്റ് സീറ്റ് നക്കിച്ചു, ടോയ്‌ലെറ്റിൽ തലയിട്ട് ഫ്ലഷ് ചെയ്തു. എത്ര ക്രൂരമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മരണത്തിന് ശേഷവും മിഹിറിന് നീതി ലഭിക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഒരു സംഘമെന്നും ഹൈബി ഈഡൻ പറഞ്ഞു
ആ അമ്മയുടെ വാക്കുകൾ മനുഷ്യ മനസ്സാക്ഷിയെ വല്ലാതെ വേദനിപ്പിക്കുന്നതാണ്. അവരുടെ മകന് സംഭവിച്ചത് ഇനിയൊരു മകനും സംഭവിക്കരുത്. വിദ്യാർത്ഥികളുടെ ക്രൂരത, സ്‌കൂൾ അധികൃതരുടെ ഉദാസീനത, സത്യം മൂടിവയ്ക്കാനുള്ള ശ്രമങ്ങൾ എന്നിവ പുറത്ത് വരണമെന്ന് ഹൈബി ആവശ്യപ്പെട്ടു.ഈ കേസ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഇന്നും നില നിൽക്കുന്ന റാഗിംഗിനെതിരെയുള്ള കർശനമായ നടപടികൾക്ക് വേണ്ടിയുള്ള മാനദണ്ഡമാകണമെന്നും മിഹിറിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന്റെ മുകളിൽ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ സഹപാഠികളുടെ റാഗിങ്ങിനെ തുടർന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നൽകിയിരിക്കുന്നത്. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ 26-ാം നിലയിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ സഹപാഠികളിൽ നിന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരിൽ നിന്നും പൊലീസ് വിശദമായി മൊഴിയെടുക്കും.