കൊവിഡ് വില്ലനായി കോടതി നായകനും; വിസ തീരും മുന്‍പ് വിവാഹം നടക്കാന്‍ കോടതി ഇടപെടല്‍

By Web TeamFirst Published Jun 5, 2021, 2:21 PM IST
Highlights

കഴിഞ്ഞ മെയ് മാസത്തിൽ നിശ്ചയിച്ച വിവാഹത്തിൽ വില്ലനായത് ദേശീയ ലോക്ഡൗൺ ആയിരുന്നു. ഇത്തവണ വിവാഹം തീരുമാനിച്ചപ്പോൾ സംസ്ഥാനത്തിൻറെ ലോക്കഡൗൺ തടസമായി. വിസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തി റജിസ്ട്രാര്‍ ഓഫിസിലെ നോട്ടിസ് ബോര്‍ഡില്‍ വിവാഹ വിവരം മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു

കൊവിഡ് വില്ലൻ വേഷത്തിലെത്തിയപ്പോൾ നീണ്ടുപോയ വിവാഹം ഒടുവിൽ കോടതി ഇടപെടലിൽ നടന്നു. തൃശ്ശൂർ സ്വദേശിനി ബെഫി ജീസണിന്റെയും അമേരിക്കയിൽ പൗരത്വമുള്ള പൂഞ്ഞാർ സ്വദേശി ഡെന്നിസ് ജോസഫ് തോമസിന്റെയും വിവാഹമാണ് കോടതി ഇടപെടലിനെ തുടർന്ന് നടന്നത്. ഡെന്നിസിൻറെ വിസ തീരുന്ന അവസാന ദിവസമായിരുന്നു വിവാഹം.

വിവാഹരാത്രി തന്നെ ഡെന്നിസ് അമേരിക്കയ്ക്ക് തിരിച്ച് പോവുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തിൽ നിശ്ചയിച്ച വിവാഹത്തിൽ വില്ലനായത് ദേശീയ ലോക്ഡൗൺ ആയിരുന്നു. ഇത്തവണ വിവാഹം തീരുമാനിച്ചപ്പോൾ സംസ്ഥാനത്തിൻറെ ലോക്കഡൗൺ തടസമായി. സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതരാവാനിരുന്ന ഇവർക്ക് 30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാനുള്ള സമയം ഇല്ലാതെ വരികയായിരുന്നു. ഇതോടെ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താൻ തീരുമാനിച്ചു.

സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കാത്തതിനാൽ തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി. എങ്കിലും അപേക്ഷയിൽ നടപടി വരാതെ വരികയും ഡെന്നിസിൻറെ വിസ കാലാവധി തീരാനുമായതോടെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരി​ഗണിച്ച കോടതി വിവാഹം നടത്തി നൽകാൻ സബ് രജിസ്ട്രാർ ഓഫീസറോട് നിർദ്ദേശിക്കുകയായിരുന്നു.

വിസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തി റജിസ്ട്രാര്‍ ഓഫിസിലെ നോട്ടിസ് ബോര്‍ഡില്‍ വിവാഹ വിവരം മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താന്‍ ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഇന്നലെ വിവാഹം നടന്നത്. രാത്രി തന്നെ ഡെന്നിസ് തിരികെ അമേരിക്കയ്ക്ക് പോയി. രേഖകൾ എല്ലാം ശരിയായി കഴിഞ്ഞാൽ വൈകാതെ ബെഫിയും അമേരിക്കയിലേക്ക് പോകും


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!