തെരഞ്ഞെടുപ്പ് നടത്താം; പക്ഷേ... വോട്ടെണ്ണരുത്: ബാങ്ക് തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഇടപെടല്‍

By Web TeamFirst Published Jul 21, 2019, 2:18 PM IST
Highlights

സുല്‍ത്താന്‍ ബത്തേരി താലൂക്ക് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഇടപെടല്‍. ഇന്ന് നാല് മണിവരെയാണ് വോട്ടെടുപ്പ്. എങ്കിലും വോട്ടെണ്ണരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനം കോടതി നിര്‍ദ്ദേശപ്രകാരം പിന്നീട് നടക്കും. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ അയോഗ്യരാണന്ന് കാണിച്ച് യുഡിഎഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. 


കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി താലൂക്ക് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഇടപെടല്‍. ഇന്ന് നാല് മണിവരെയാണ് വോട്ടെടുപ്പ്. എങ്കിലും വോട്ടെണ്ണരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനം കോടതി നിര്‍ദ്ദേശപ്രകാരം പിന്നീട് നടക്കും. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ അയോഗ്യരാണന്ന് കാണിച്ച് യുഡിഎഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. 

യുഡിഎഫ് നല്‍കിയ പരാതിയില്‍ ഈ മാസം 23-നാണ് ബാങ്കിന്‍റെയും സര്‍ക്കാറിന്‍റെയും ഭാഗം കോടതി കേള്‍ക്കുക. തുടര്‍ന്നായിരിക്കും ഫലപ്രഖ്യാപനം സംബന്ധിച്ച് തീരുമാനമെടുക്കുക. യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെ രണ്ട് വര്‍ഷം മുമ്പ് പിരിച്ചുവിട്ടിരുന്നു. പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണമായിരുന്നു. 

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുടെ കാലത്ത് ചേര്‍ത്ത 3038 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍പ്പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും, അനധികൃതമായി കൂട്ടിച്ചേര്‍ത്ത അംഗങ്ങളില്‍പ്പെട്ടവരാണ് മത്സരിക്കുന്നതെന്നും ആരോപിച്ചാണ് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് ബാങ്കിന്‍റെ മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ 23 ന് ഹാജരാക്കാന്‍ സഹകരണവകുപ്പ് ഉദ്യോഗസ്ഥരോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് അംഗങ്ങളെ ചേര്‍ക്കാന്‍ അധികാരമില്ലെന്നും ഇതിനാല്‍ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കണമെന്നും ഹര്‍ജിയില്‍ ഉന്നയിച്ചുണ്ടെന്നറിയുന്നത്. അതേ സമയം ബാങ്കിന്‍റെ  സ്ഥാപക അംഗങ്ങളാണ് തങ്ങളുടെ സ്ഥാനാര്‍ഥികള്‍ എന്നാണ് എല്‍ഡിഎഫിന്‍റെ അവകാശവാദം. യുഡിഎഫ് നേതൃത്വം നല്‍കുന്ന ജനാധിപത്യ മുന്നണിയും എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കര്‍ഷക മുന്നണിയുമാണ് മത്സരരംഗത്തുള്ളത്. ആകെ 13 സീറ്റില്‍ വായ്പാ വിഭാഗത്തില്‍ എട്ടും വനിതാവിഭാഗത്തില്‍ മൂന്നും എസ്.സി/എസ്.ടി, നിക്ഷേപക വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതവുമാണുള്ളത്.

click me!