
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ചാലക്കമ്പോളത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ആധുനിക രീതിയിലുള്ള നവീകരണത്തിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അംഗീകാരം നല്‍കി. വാഹനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ ആവശ്യമായ പാർക്കിംഗ് സൗകര്യവും, സാധിക്കുന്ന സ്ഥലങ്ങളിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനവും സജ്ജമാക്കും.
പുത്തരിക്കണ്ടം മൈതാനത്തിന് പുറകിലും തമ്പാനൂര്‍ റെയിൽവേ സ്റ്റേഷന്റെ സൗത്ത് ഗേറ്റിന്റെ എതിർവശത്ത് പവർ ഹൗസ് റോഡിലും വാണിജ്യ സമുച്ചയവും പാർക്കിംഗ് സൗകര്യവും ഒരുക്കും. കിഴക്കേകോട്ട മുതൽ കിള്ളിപ്പാലം വരെയുള്ള ചാലക്കമ്പോളത്തിലെ പ്രധാനപാത കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായിരിക്കും. ചാലക്കമ്പോളത്തിന്റെ എട്ട് പ്രധാന പ്രവേശന റോഡുകളിൽ ഏകീകൃത രീതിയിലുള്ള സ്ഥിരം കമാനങ്ങൾ നിർമ്മിക്കും. കിഴക്കേകോട്ടയിലും കിള്ളിപ്പാലത്തും പ്രധാന കവാടങ്ങളും, പവർഹൗസ് റോഡിലും കിള്ളിപ്പാലം- അട്ടക്കുളങ്ങര റോഡിലും കവാടങ്ങള്‍ ഒരേ മാതൃകയില്‍ നിർമ്മിക്കും. കിഴക്കേക്കോട്ട മുതൽ കിള്ളിപ്പാലം വരെ ചാലക്കമ്പോളത്തിലെ വിവിധ ഭാഗങ്ങളിൽ ദിശാ ബോർഡുകളും അലങ്കാരവിളക്കുകളും സ്ഥാപിക്കും.
വേളി ടൂറിസ്റ്റ് വില്ലേജില്‍ 20 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററും അനുബന്ധ സംവിധാനങ്ങളും രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുക്കാനും ബീമാപ്പള്ളി, വെട്ടുകാട് എന്നിവിടങ്ങളിലെ അമിനിറ്റി സെന്ററുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുവാനും യോഗം തീരുമാനിച്ചു. ശംഖുമുഖത്ത് 6.6 കോടി രൂപ മുടക്കി നവീകരണ പദ്ധതി ആരംഭിക്കാനുള്ള പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. ശ്രീകണ്ഠേശ്വരം പാര്‍ക്കിന്റെ നവീകരണത്തിനായി രൂപരേഖ തയ്യാറാക്കി മൂന്ന് മാസത്തിനകം നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിച്ചു.
ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, തിരുവനന്തപുരം സ്മാർട്ട്സിറ്റി സിഇഒ അരുൺകുമാർ, ജനപ്രതിനിധികൾ, തിരുവനന്തപുരം നഗരസഭ, പൊലീസ്, കേരള റോഡ് ഫണ്ട് ബോർഡ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam