കോടതിയലക്ഷ്യ നടപടി: കാലിക്കറ്റ് സര്‍വകലാശാല കണ്‍ട്രോളറോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി

By Web TeamFirst Published Feb 14, 2019, 2:33 PM IST
Highlights

കോഴിക്കോട് ലോ കോളജിലെ വിദ്യാര്‍ഥി കെ എസ് മുഹമ്മദ് ദാനിഷ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍വകലാശാല കണ്‍ട്രോളര്‍ ഡോ വി വി ജോര്‍ജുകുട്ടിയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്

കോഴിക്കോട്: വിദ്യാര്‍ഥി നല്‍കിയ കോടതിയലക്ഷ്യ നടപടിയില്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. കോഴിക്കോട് ലോ കോളജിലെ വിദ്യാര്‍ഥി കെ എസ് മുഹമ്മദ് ദാനിഷ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍വകലാശാല കണ്‍ട്രോളര്‍ ഡോ വി വി ജോര്‍ജുകുട്ടിയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

2016ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ഇന്റേണല്‍ മാര്‍ക്ക് കുറവായിരുന്നു. ഇതുകാരണം അതേ അധ്യയന വര്‍ഷം തന്നെ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ സര്‍വകലാശാലയ്ക്ക് സാധിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ച് കോടതിയില്‍ നിന്ന് ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ് ചെയ്യാനുള്ള അനുകൂലമായ വിധി വിദ്യാര്‍ഥിക്ക് ലഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കോളജ് പ്രിന്‍സിപ്പാള്‍ ഇതിനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയും ഇന്റേണല്‍ മാര്‍ക്ക് ലിസ്റ്റ് സര്‍വകലാശാലയിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍, ഇത് അയച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കേറ്റും മാര്‍ക്ക് ലിസ്റ്റും ലഭിക്കാത്തതിനാലാണ് വിദ്യാര്‍ഥി പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി വിദ്യാര്‍ഥി മുന്നോട്ട് പോയത്.

സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതിയില്‍ നടന്ന എന്റോള്‍മെന്റ് എടുക്കാന്‍ വിദ്യാര്‍ഥിക്ക് സാധിച്ചിരുന്നില്ല. ഈ മാസം 12 നാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 19ന് സര്‍ടിഫിക്കേറ്റ് ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം 20ന് കോടതിയില്‍ നേരിട്ട് ഹാജരരാവണമെന്നുമാണ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

click me!