കേരളത്തിൽ കുതിച്ചുയർന്ന് എച്ച്ഐവി ബാധിതരുടെ എണ്ണം, ഏറെയും ജെൻ സി വിഭാഗം, ഏറ്റവും കൂടുതൽ ഈ ജില്ലയിൽ, മാസം 100 അണുബാധിതർ

Published : Dec 01, 2025, 08:55 PM IST
hiv

Synopsis

പുതുതായി എച്ച്ഐവി അണുബാധിതരാകുന്നതിൽ 15നും 24 നും ഇടയിലുള്ള പ്രായക്കാരുടെ എണ്ണം കൂടി വരുന്നതായും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി

തിരുവനന്തപുരം: കേരളത്തിലെ യുവാക്കളിൽ എച്ച്ഐവി അണുബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. സംസ്ഥാനത്ത് മാസം ശരാശരി 100 പുതിയ എച്ച്ഐവി അണുബാധിതരുണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതുതായി എച്ച്ഐവി അണുബാധിതരാകുന്നതിൽ 15നും 24 നും ഇടയിലുള്ള പ്രായക്കാരുടെ എണ്ണം കൂടി വരുന്നതായും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ടിൽ വിശദമാക്കുന്നത്. 2022 മുതൽ കഴിഞ്ഞ വർഷം വരെ യഥാക്രമം 9, 12, 14.2 % എന്നിങ്ങനെയായിരുന്നു രോഗികളുടെ വർധന. എന്നാൽ, ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ കാലയളവിൽ എച്ച്ഐവി അണുബാധിതരാകുന്ന 15 മുതൽ 24 വരെ പ്രായമുള്ളവരുടെ എണ്ണം 15.4% ആയി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർക്കു പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. ഇതിൽ 3393 പേർ പുരുഷൻമാരും 1065 പേർ സ്ത്രീകളും 19 പേർ ട്രാൻസ്ജെൻ‍ഡർമാരുമാണ്. 1065 സ്ത്രീകളിൽ 90 ഗർഭിണികളും ഉൾപ്പെടുന്നുണ്ട്.

3 വർഷത്തിനിടെ എച്ച്ഐവി അണുബാധിതർ ഏറ്റവും കൂടുതൽ എറണാകുളത്ത് 

കഴിഞ്ഞ 3 വർഷത്തിനിടെ എച്ച്ഐവി അണുബാധിതർ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ് (850). തിരുവനന്തപുരം (555), തൃശൂർ (518), കോഴിക്കോട് (441), പാലക്കാട് (371), കോട്ടയം (350) ജില്ലകളാണ് തൊട്ടുപിന്നിൽ. വയനാട്ടിൽ ആണ് ഏറ്റവും കുറവ് (67). അതേസമയം എച്ച്ഐവി സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത രാജ്യത്ത് 0.20 ആണെങ്കിൽ കേരളത്തിൽ 0.07 ആണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, മയക്കുമരുന്ന് കുത്തിവെക്കാൻ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നത് എന്നിവയാണ് യുവാക്കളെ എച്ച്.ഐ.വി. വാഹകരാക്കുന്നതിൽ പ്രധാന കാരണങ്ങൾ. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്. ശരിയായ മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ എച്ച്ഐവി ബാധിതരായ അതിഥിത്തൊഴിലാളികളുടെ തുടർചികിത്സ ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അവരുടെ പങ്കാളികളുടെ പരിശോധന, ചികിത്സ എന്നിവയും പ്രായോഗികമാവുന്നില്ലെന്നും റിപ്പോർട്ടിൽ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

2022 ഏപ്രിൽ മുതൽ 2025 വരെയുള്ള കണക്കനുസരിച്ച് അണുബാധിതരായ 4,477 പേരിൽ 62.5 ശതമാനം പേർക്ക് ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 24.6 ശതമാനം പേർക്ക് സ്വവർഗരതിയിലൂടെയാണ് അണുബാധയുണ്ടായത്. 8.1 ശതമാനത്തിന് മയക്കുമരുന്നുപയോഗത്തിലൂടെയും രോഗം ബാധിച്ചു. ഗർഭകാലത്ത് അമ്മമാരിൽ നിന്ന് രോഗം പകർന്നു കിട്ടിയത് 0.9 ശതമാനം ശിശുക്കൾക്കാണ്. 3.7 ശതമാനം പേർക്ക് അണുബാധയുണ്ടായത് എങ്ങനെയെന്നറിയില്ല. സംസ്ഥാനത്ത് പ്രതീക്ഷിത കണക്കിന്‍റെ 83 ശതമാനം രോഗബാധിതരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതില്‍ 95 ശതമാനത്തിലധികം പേര്‍ക്കും ആന്‍റി റിട്രോ വൈറല്‍ (എആര്‍ടി) ചികിത്സ നല്‍കാനും സാധിക്കുന്നു. രോഗബാധിതരായ 99.8 ശതമാനത്തിലും വൈറസ് നിയന്ത്രണവിധേയമാക്കാനും സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓട് കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ.

പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയിൽ പോയിന്‍റ് 0.20 ആണെങ്കിൽ കേരളത്തിൽ അത് 0.07 ശതമാനമാണ്. നമ്മുടെ നാട് എച്ച്ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ 4477 പേർക്ക് അണുബാധ ഉണ്ടായി എന്നത് ആശങ്കാജനകമായ കാര്യമാണ്. എച്ച്ഐവി ബാധിതർക്ക് ചികിത്സ, പരിചരണം, പിന്തുണ, സേവനങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതും ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ ഇല്ലാതാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഇതിനായി സംസ്ഥാനത്ത് ഏകോപിതമായ ഇടപെടലുകൾ നടന്നു വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്
പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ