മാനസികാരോഗ്യ രംഗത്തേക്കും എച്ച്എൽഎൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസുമായി ധാരണയിലെത്തി

Published : Sep 17, 2025, 12:01 AM IST
hll

Synopsis

തൊഴിലിടങ്ങളിലെ മാനസികാരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കുക, ബോധവത്കരണം, പരിശീലനം എന്നിവ എച്ച്എൽഎൽ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് സഹകരണത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു

കൊച്ചി: ആഗോള ആരോഗ്യ രംഗത്തെ പ്രമുഖ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL) മാനസികാരോഗ്യ രംഗത്തേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി (NIMHANS) ധാരണയിലെത്തി. വജ്ര ജൂബിലി വർഷത്തിൽ എച്ച് എൽ എൽ നടപ്പാക്കുന്ന വിപുലീകരണ, വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമാണ് മാനസികാരോഗ്യ രംഗത്തേക്കുള്ള ഈ പുതിയ ചുവടുവെപ്പ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച് എൽ എൽ.

എച്ച്എൽഎല്ലിന്‍റെ പുതിയ ലക്ഷ്യം

തൊഴിൽ സ്ഥലങ്ങളിലെ മാനസികാരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും, ശേഷി വർദ്ധിപ്പിക്കാനും ഈ സഹകരണം ലക്ഷ്യമിടുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനം, ഗവേഷണ - വികസനം, മാനസികാരോഗ്യ നയങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ എന്നിവ ധാരണയിൽ ഉൾപ്പെടുന്നു. എച്ച് എൽ എല്ലിന്‍റെ രാജ്യവ്യാപകമായ ശൃംഖലയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ ( NIMHANS) വൈദഗ്ധ്യവും ഈ സഹകരണത്തിലൂടെ പ്രയോജനപ്പെടുത്തും. അമൃത് (AMRIT) ഫാർമസികൾ സ്ഥാപിക്കുന്നതുൾപ്പെടെ എച്ച് എൽ എല്ലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും തമ്മിൽ മുൻപും സഹകരിച്ചിട്ടുണ്ട്.

60 വർഷത്തെ സേവനപ്പെരുമയിൽ എച്ച്എല്‍എല്‍

പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ ചരിത്രമാണ് എച്ച് എല്‍ എല്ലിനുള്ളത്. ജനസംഖ്യാ വർധനവ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ 1966 മാർച്ച് 1 നാണ് എച്ച് എല്‍ എല്‍ സ്ഥാപിതമായത്. ഇന്ന്, എച്ച് എല്‍ എല്ലിന് എട്ട് അത്യാധുനിക നിർമ്മാണ യൂണിറ്റുകളും ഒരു കോർപ്പറേറ്റ് R&D സെന്ററുമുണ്ട്. ഇതുവരെ 55 ബില്യണിലധികം ഗർഭനിരോധന ഉറകൾ നിർമ്മിച്ച്, രാജ്യത്തിന്‍റെ മൊത്തം പ്രത്യുത്പാദന നിരക്ക് (Total Fertility Rate - TFR) കുറയ്ക്കുന്നതിലൂടെ ജനസംഖ്യാ സ്ഥിരത ഉറപ്പാക്കാൻ എച്ച് എല്‍ എല്‍ സഹായിച്ചു. 1990 കളിൽ ആശുപത്രി ഉത്പന്നങ്ങളുടെ മേഖലയിലേക്ക് കടന്ന എച്ച് എല്‍ എല്‍, 2000 ത്തോടെ സ്ത്രീകളുടെ ആരോഗ്യ ഉത്പന്നങ്ങൾ നിർമ്മിക്കാനും തുടങ്ങി. മൂഡ്‌സ് കോണ്ടം, ബ്ലഡ് ബാഗ് എന്നിവയടക്കം 70 ലധികം ബ്രാൻഡുകൾ ഇന്ന് എച്ച് എല്‍ എല്‍ വിപണിയിലെത്തിക്കുന്നു. രണ്ടായിരാമാണ്ടിന്‍റെ തുടക്കത്തോടെ നിർമ്മാണം, സംഭരണം, കൺസൾട്ടൻസി, രോഗനിർണയം, ഫാർമ റീട്ടെയിൽ ബിസിനസ്സ് തുടങ്ങി നിരവധി സേവനമേഖലകളിലേക്ക് കടന്ന എച്ച് എല്‍ എല്‍, ഈ രംഗങ്ങളിലെ ഇടപെടലുകളിലൂടെ നിരക്കുകൾ ഏകീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു വരുന്നു. 'അമൃത് ഫാർമസി' എന്ന സംരംഭത്തിലൂടെ, ജീവൻ രക്ഷാ മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകാനും എച്ച് എല്‍ എല്ലിന് സാധിച്ചു. താങ്ങാനാവുന്ന നിരക്കിൽ ആർത്തവ കപ്പുകളും സാനിറ്ററി നാപ്കിനുകളും ലഭ്യമാക്കിയതിലൂടെ എച്ച് എല്‍ എല്‍ ആർത്തവ ആരോഗ്യരംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ