
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന നാളെ പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ല എന്ന് കളക്ടറുടെ ഉത്തരവിലുണ്ട്. വ്യാഴാഴ്ചയും ജില്ലയിൽ തൈപ്പൊങ്കൽ പ്രമാണിച്ച് അവധിയാണ്.
മകരവിളക്ക് മഹോത്സവം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. തിരുവാഭരണം കൊണ്ടുവരുന്ന കാനനപാത കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി പമ്പാനദിക്ക് കുറുകെ സഞ്ചരിക്കാന്‍ താല്‍ക്കാലിക നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. അപകട സാധ്യത ഒഴിവാക്കുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പമ്പ, പുല്ലുമേട്, സന്നിധാനം മേഖലകളില്‍ നിലവിലുള്ള സ്ഥിരം ഉദ്യോഗസ്ഥര്‍ക്കു പുറമേ 120 പേരെ അധികമായി വനം വകുപ്പ് വിന്യസിച്ചിട്ടുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശീയരായ നാട്ടുകാരുടെ സഹകരണത്തോടെ എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി) സേവനം സത്രം, പുല്ലുമേട്, പമ്പ, അഴുതകടവ്, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ ലഭിക്കും. 136 സന്നദ്ധ പ്രവര്‍ത്തകരാണ് എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയിലുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പമ്പ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ കീഴില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സഹായത്തിനായി തീര്‍ത്ഥാടകര്‍ക്ക് 04735 203492 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും വനം വകുപ്പ് അറിയിച്ചു.
അധികൃതര്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രമേ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്താവു. അനധികൃതമായി വനത്തിനകത്തേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മകരവിളക്ക് കാണുന്നതിനായി മരങ്ങളില്‍ കയറുകയോ അപകടകരമായ രീതിയില്‍ വനമേഖലകളിലേക്ക് കടക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വനത്തിനകത്ത് ഭക്ഷണം പാകം ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam