
കോഴിക്കോട്: തെരുവ് നായ ശല്യം കണക്കിലെടുത്തു കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു.
ഇന്നലെ വൈകിട്ട് കൂത്താളിയിൽ അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിൽ തെരുവുനായയുടെ ആക്രമണം കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
ഇന്നലെ തിരുവനന്തപുരത്ത് തെരുനായയുടെ ആക്രമണത്തിൽ നാലു വയസ്സുകാരിക്ക് പരിക്കേറ്റിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‍ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകി.
കണ്ടുനിൽക്കാനാകാത്ത വിധമാണ് കുഞ്ഞു റോസ്ലിയയുടെ മുഖത്തെ പരിക്കുകളുണ്ടായിരുന്നത്. കൺപോളകൾ, ചുണ്ട്, കഴുത്ത് എല്ലാം കടിച്ചുകീറി. ഒപ്പമുണ്ടായിരുന്ന മൂത്ത കുട്ടി ചാടി ജനലിൽ കയറിയതിനാൽ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുഞ്ഞിനെ രക്ഷിച്ചത്. കണ്ണിനും പരിക്കേറ്റതിനാൽ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. വാക്സിനും സീറവും ശേഷം പ്ലാസ്റ്റിക് സർജറിയും വേണ്ടി വരും. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. സംസ്ഥാനത്ത് പ്രതിദിനം തെരുവുനായ ആക്രമണ കേസുകൾ കുറയുന്നുമില്ല. വീണുപോകുന്നതോടെ ഇരയാകുന്നതും ഗുരുതരമായ പരിക്കേൽക്കുന്നതും മരണം വരെ സംഭവിക്കുന്നതും കുട്ടികൾക്കുമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam