
ചാത്തങ്കരി: സംസ്ഥാനത്ത് മഴയ്ക്ക് ശമനം ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും ദുരിതങ്ങളും തുടരുകയാണ്. ആലപ്പുഴ ചാത്തങ്കരി സ്വദേശിയായ 73 കാരി അച്ചാമ്മ ജോസഫിന് ജീവൻ നഷ്ടമായതും വെള്ളക്കെട്ട് തീർത്ത ദുരിത്തതിലാണ്. വെള്ളിയാഴ്ച അർധരാത്രി അച്ചാമ്മയ്ക്ക് നെഞ്ചുവേദനയുണ്ടായി. വെള്ളക്കെട്ട് കാരണം വീട്ടിലെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലേക്ക് പോകാനായില്ല. ഭർത്താവ് മാധവൻ പൊലീസിൽ അടക്കം സഹായം തേടിയെങ്കിലും വെള്ളക്കെട്ട് കാരണം പൊലീസിനും അച്ചാമ്മയുടെ അടുത്തേക്ക് എത്താനായില്ല.
ഒടുവിൽ രണ്ടേകാൽ മണിക്കൂറിന് ശേഷം നാട്ടുകാർ മുൻകൈ എടുത്ത് ജെസിബിയിൽ അച്ചാമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ജെസിബിയുടെ ബക്കറ്റില്‍ കിടത്തിയാണ് അച്ചാമ്മയെ വെള്ളക്കെട്ടിന് പുറത്തെത്തിച്ചത്. മൂന്ന് ദിവസം മുൻപ് മരിച്ച 73 കാരൻ കുഞ്ഞുമോന്‍റെ സംസ്കാര ചടങ്ങുകള്‍ അയ്യനാവേലി പാലത്തിന് മുകളിൽ വെച്ചാണ് നടത്തേണ്ടിവന്നിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് മരിച്ച പെരിങ്ങര സ്വദേശി പി. സി. കുഞ്ഞുമോന്‍റെ സംസ്കാരം വീട്ടുമുറ്റത്തെ വെള്ളം ഇറങ്ങാത്ത് കാരണം മൂന്ന് ദിവസമായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെയാണ് പാലത്തിന് മുകളിൽ ചിതകൂട്ടി ദഹിപ്പിച്ചത്.
കുട്ടനാട്, കോട്ടയം, തിരുവല്ല താലൂക്കുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലാണ് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam