കുത്തിവെപ്പും നവ്യാനുഭവമായി മാറും; ശ്രദ്ധ നേടി വട്ടവട ആശുപത്രി

By Jansen MalikapuramFirst Published Nov 10, 2018, 10:02 AM IST
Highlights

വട്ടവട ആശുപത്രിയിലെത്തിയാല്‍ കുട്ടികള്‍ക്ക് കുത്തിവെപ്പും നവ്യാനുഭവമായി മാറും. കുട്ടികളുടെ അഭിരുചിക്കനുസ്യതമായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ചുവരുകളില്‍ നിറയ്ക്കുകയാണ് വട്ടവട ആരോഗ്യകേന്ദ്രം. 

ഇടുക്കി: വട്ടവട ആശുപത്രിയിലെത്തിയാല്‍ കുട്ടികള്‍ക്ക് കുത്തിവെപ്പും നവ്യാനുഭവമായി മാറും. കുട്ടികളുടെ അഭിരുചിക്കനുസ്യതമായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ചുവരുകളില്‍ നിറയ്ക്കുകയാണ് വട്ടവട ആരോഗ്യകേന്ദ്രം. 

കുട്ടികളുടെ മനസ്സില്‍ ഇടംനേടിയ സ്‌പൈഡര്‍ മാന്‍, ചിറകുവിരിച്ച് കഴുകനെപ്പോലെ കൂര്‍പ്പിച്ച നോട്ടവുമായി പാറിയെത്തുന്ന സൂപ്പര്‍മാന്‍, ചിത്രകഥകളില്‍ കണ്ടു പരിചയിച്ച വില്ലാളി വീരന്‍ ഡിങ്കന്‍, കാടിന്റെ വന്യഭാവങ്ങള്‍ക്കിടയില്‍ വള്ളികളില്‍പിടിച്ച് വഴക്കത്തോടെ ഊഞ്ഞാലാടിയെത്തി ഏവരെയും അമ്പരിപ്പിക്കുന്ന മൗഗ്ലി കുസൃതിയുടെ രസക്കാഴ്ചകളൊരുക്കുന്ന ടോം ആന്റ് ജെറി,  എല്ലാവരും ചുവരുകളില്‍ പ്രസരിപ്പുമായി നിറഞ്ഞു നില്‍ക്കുന്നു. കയറി വരുമ്പോള്‍ ഒരു പാര്‍ക്കാണോയെന്ന് പെട്ടെന്ന് തോന്നിപ്പോകും. ഉള്ളിലെത്തിയാല്‍ മാത്രമാണ് ഒരു ആശുപത്രിയാണെന്ന് തോന്നുക. കുത്തിവയ്പ്പിനെ ഭയപ്പാടോടെ കാണുകയും ആശുപത്രിയില്‍ എത്താന്‍ ഭയപ്പെടുകയും ചെയ്യുന്ന കുട്ടികളെ പാട്ടിലാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് വേറിട്ട ഒരു ആശയത്തിലെത്തുവാന്‍ തുണയായത്. 

മെഡിക്കല്‍ ഓഫീസറായ ഡോ.രാഹുല്‍ ബാബുവിന്റേതായിരുന്നു ഈ ആശയം. ആരോഗ്യ കേന്ദ്രത്തിലെ ഇമ്മ്യൂണൈസേഷന്‍ മുറിയാണ് ഇപ്രകാരം നിറങ്ങളില്‍ മുങ്ങിനില്‍ക്കുന്നത്. കുട്ടികള്‍ക്ക് ആശുപത്രിയുമായി ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചാകുമ്പോള്‍ കുട്ടികളുടെ കുത്തിവയ്പ്പ് ആയാസരഹിതമാകുമെന്ന പ്രതീക്ഷയാണ് ആശുപത്രി അധികൃതര്‍ക്കുമുള്ളത്. കേരളത്തില്‍ തന്നെ ഇത്തരത്തിലൊരു ഇമ്മ്യൂണൈസേഷന്‍ റൂം ഇതാദ്യമായിരിക്കുമെന്ന്  ഡോ. രാഹുല്‍ ബാബു പറയുന്നു. ഇടുക്കി ജില്ലയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ താമസിക്കുന്ന മേഖലയാണ് വട്ടവട. ആദിവാസികളുടെ കുട്ടികളടക്കം ചികിത്സയ്ക്കായി എത്തുന്ന ഹൈറേഞ്ച് മേഖലയിലെ ആശുപത്രികളില്‍ ഇത്തരത്തിലുള്ള വ്യത്യസ്ത ആശയങ്ങള്‍ നടപ്പിലാക്കണമെന്നാണ് അധികൃതരുടെ അഭിപ്രായം.

click me!