ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിനെതിരെ ടിവിയില്‍ പ്രതികരിച്ചയാളുടെ വീട് ആക്രമിക്കപ്പെട്ടു

By Web TeamFirst Published May 6, 2020, 8:45 AM IST
Highlights

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ എംഎല്‍എയായ കെസി ജോസഫിനെ കാണുവാനില്ല എന്ന്  സ്വകാര്യ ചാനലിൽ പ്രതികരിച്ചയാളായിരുന്നു മാര്‍ട്ടില്‍. 

ചെമ്പേരി: ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിനെതിരെ ടിവി പരിപാടിയില്‍ പ്രതികരിച്ചയാളുടെ വീടിനെതിരെ അക്രമണം. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ചെമ്പേരിയിലെ മാര്‍ട്ടിന്‍ എന്ന വ്യക്തിയുടെ വീട്ടിന് നേരെ അക്രമണം നടന്നത്. വാഹനങ്ങളില്‍ എത്തിയ സംഘം വീടിനെതിരെ കല്ലേറ് നടത്തുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം വന്ന വാഹനത്തിൽ രക്ഷപ്പെട്ടു.

കോവിഡ് 19 നുമായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലത്തിൽ എംഎല്‍എയായ കെസി ജോസഫിനെ കാണുവാനില്ല എന്ന്  സ്വകാര്യ ചാനലിൽ പ്രതികരിച്ചയാളായിരുന്നു മാര്‍ട്ടില്‍. സ്വശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ ജോലി ചെയ്യുന്ന മാര്‍ട്ടിന്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയിലാണ് അഭിപ്രായം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിന്‍റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സംബന്ധിച്ച് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുമായി സംസാരങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്.

അക്രമണത്തിന് ശേഷം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ബുധനാഴ്ച അക്രമണത്തില്‍ കേസ് എടുക്കുമെന്നാണ് മാര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഇത്തരം ആക്രമണ ശ്രമം ഉണ്ടായിരുന്നുവെന്നും മാര്‍ട്ടിന്‍ സൂചിപ്പിക്കുന്നു. എംഎല്‍എയ്ക്കെതിരായ പ്രതികരണത്തിന്‍റെ പേരിലാണ് ആക്രമണം എന്ന് തന്നെയാണ് മാര്‍ട്ടില്‍ പറയുന്നത്.

click me!