മഴയില്‍ മണ്ണിടിഞ്ഞ് വീടുതകര്‍ന്നു; ഒരുമാസം കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥര്‍

By Web TeamFirst Published Sep 3, 2020, 4:30 PM IST
Highlights

മുറിയിലുണ്ടായിരുന്ന ത്രേസയും മകള്‍ പ്രിയങ്കയും അടുക്കളയിലേക്ക് പോയി സെക്കന്റുകള്‍ക്കുള്ളിലാണ് വലിയ ശബ്ദത്തോടെ മണ്ണിടിഞ്ഞ് വീണ് ഒരുഭാഗം തകര്‍ന്നത്.  വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.

ഇടുക്കി: വീടു തകര്‍ന്ന് ഒരു മാസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. ഭാഗ്യം കനിഞ്ഞു നല്‍കിയ ജീവനുമായി അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ് പള്ളിവാസല്‍ സ്വദേശിയായ ചെല്ലദുരൈയും കുടുംബവും. പെട്ടിമുടിയില്‍ സംഭവിച്ച വന്‍ ദുരന്തം നടന്ന അതേ ദിവസം തന്നെയാണ് പള്ളിവാസില്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ഉള്‍പ്പെട്ട മൂലക്കടിയില്‍ നിന്നും കോവലം പോകുന്ന വഴിയ്ക്കു സമീപത്തുള്ള ചെല്ലദുരൈയുടെ വീട് തകര്‍ന്നത്. 

ശക്തമായ മഴയില്‍ വൈകിട്ട് ആറു മണിക്ക് സമീപത്തുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണും ഇടിഞ്ഞ് വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ചെല്ലദുരൈയുടെ ഭാര്യ ത്രേസ്യ, മക്കളായ പ്രിയങ്ക, സുബി, അലണ്‍ ജോണ്‍സണ്‍ എന്നിവരാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്. മുറിയിലുണ്ടായിരുന്ന ത്രേസയും മകള്‍ പ്രിയങ്കയും അടുക്കളയിലേക്ക് പോയി സെക്കന്റുകള്‍ക്കുള്ളിലാണ് വലിയ ശബ്ദത്തോടെ മണ്ണിടിഞ്ഞ് വീണ് ഒരുഭാഗം തകര്‍ന്നത്. 

വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ശക്തമായ മഴയില്‍ വീടില്‍ നിന്നും രക്ഷതേടി കുടുംബം പുറത്തേക്ക് ഓടുകയും സമീപത്തുള്ള കെട്ടിടത്തിലേക്ക് അഭയം പ്രാപിക്കുകയും ചെയ്തു. അന്നു തന്നെ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ അന്വേഷിച്ച് മടങ്ങിയെങ്കിലും പിന്നീട് ഇതു വരെ ഇതു സംബന്ധമായ കാര്യങ്ങള്‍ അന്വേഷിക്കുകയോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് വീട് നഷ്ടപ്പെട്ട കുടുംബം പറയുന്നു. 

പഞ്ചായത്ത് വാര്‍ഡ് അംഗം ഒരു തവണ വന്നെങ്കിലും പിന്നീട് ഇതിനെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു. സമീപത്തെ കെട്ടിടത്തിന്റെ ഉടമയായ കോട്ടയം സ്വദേശി സുരക്ഷാഭിത്തി പണിതുയര്‍ത്തുന്ന വേളയില്‍ തന്നെ അശാസ്ത്രീയമായ നിര്‍മ്മാണം ചൂണ്ടിക്കാട്ടിയിരുന്നു.  വീടിന് സമീപത്ത് വാടകയ്ക്ക്  ആണ് ഇപ്പോള്‍ താമസിച്ചുവരുന്നത്. കൊവിഡ് മൂലം ജനങ്ങള്‍ പുറത്തിറങ്ങാതായതോടെ ബേക്കറി ജീവനക്കാരനായ ചെല്ലദുരൈയ്ക്ക്  വരുമാനവും പ്രതിസന്ധിയിലാണ്. എത്രയും വേഗം അധികാരികള്‍ കനിഞ്ഞ് തങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ അപേക്ഷ. 

click me!