
മലപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷൻ. സമയം ഉച്ചയോടടുക്കുന്നു. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും ചെന്നൈ എഗ്മൂർ - മംഗുളുരു എക്‌സ്പ്രസ് സ്‌റ്റേഷൻ വിടാനൊരുങ്ങുന്നു. പെട്ടെന്ന് റിസർവേഷൻ കംപാർട്‌മെന്റിൽ നിന്ന് ഒരു സ്ത്രീ താഴേക്കിറങ്ങാൻ ശ്രമിക്കുന്നു. പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുമെന്ന ഘട്ടത്തിൽ ഒരാൾ ഓടിവന്ന് വീട്ടമ്മയുടെ കൈപിടിച്ച് വലിച്ചിടുന്നു. ഇരുവരും പ്ലാറ്റ്‌ഫോമിൽ വീഴുന്നു. സിനിമാക്കഥയല്ല. കഴിഞ്ഞ ദിവസം കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ സംഭവിച്ചതാണിത്.
ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ വീട്ടമ്മയുടെ രക്ഷകനായത് ചുമട്ടുതൊഴിലാളിയായ ബഷീർ ആണ്. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ട്രോളിയെടുക്കാൻ എത്തിയതായിരുന്നു കോക്കൂർ സ്വദേശിയായ ബഷീർ. ഈ സമയത്ത് എഗ്മൂർ എക്‌സ്പ്രസ് നീങ്ങിത്തുടങ്ങിയിരുന്നു. ഇതിനിടെയാണ് റിസർവേഷൻ കംപാർട്‌മെന്റിൽനിന്ന് വീട്ടമ്മ താഴേക്കിറങ്ങാൻ ശ്രമിക്കുന്നത് ബഷീർ കണ്ടത്. ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുമെന്ന ഘട്ടത്തിൽ ബഷീർ വീട്ടമ്മയുടെ കൈപിടിച്ച് വലിച്ചിട്ടു. ഇരുവരും പ്ലാറ്റ്‌ഫോമിൽ വീണു. വീഴ്ചയിൽ ബഷീറിന്റെ നെറ്റിക്കു പരുക്കേറ്റു. അതേസമയം വീട്ടമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
മകളെയും കുട്ടിയെയും യാത്രയാക്കാൻ കംപാർട്‌മെന്റിൽ കയറിയായിരുന്നു കുറ്റിപ്പുറത്തെ ആശുപത്രിയിലെ ജീവനക്കാരിയായ സ്ത്രീ. ഒപ്പമുണ്ടായിരുന്ന ഇളയ മകൾ ട്രെയിനിൽ നിന്ന് പുറത്തേക്കു ചാടിയിറങ്ങിയെങ്കിലും ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. താഴെവീഴുന്ന ഘട്ടത്തിലാണ് രക്ഷകനായി ബഷീർ എത്തിയത്. കഴിഞ്ഞ മാസം കണ്ണൂർ സ്വദേശിയായ വയോധികയെ ഇത്തരത്തിൽ രക്ഷിച്ചതും പോർട്ടർ ബഷീറായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam