
കൊല്ലം: കോരിച്ചൊരിയുന്ന മഴയത്ത് 20 മണിക്കൂർ കിണറ്റിനുള്ളിൽ മരണത്തോട് മല്ലടിച്ച് വീട്ടമ്മ. വെല്ലുവിളികളെ പൊരുതി തോൽപ്പിച്ചാണ് അഗ്നിശമന സേന ഈ അറുപതുകാരിയെ ഒടുവിൽ ജീവിതത്തിലേക്ക് തിരികെ നടത്തിയത്. പൊലിക്കോട് രാഹുൽ ഭവനിൽ രാധാമണിയമ്മയ്ക്കാണ് വക്കോളമെത്തിയ മരണത്തിൽ നിന്ന് പുതുജന്മം ലഭിച്ചത്. കഴിഞ്ഞ ദിവസം മുളയറച്ചാൽ വെളമാനൂർകോണം ഭാഗത്തെ കുടുംബ വസ്തുവിലെത്തിയതായിരുന്നു ഇവർ.
സഹോദരന്‍റെ സ്ഥലത്തെ ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ആരും ഇക്കാര്യം അറിഞ്ഞില്ല. ഉറക്കെ നിലവിളിച്ചെങ്കിലും പരിസരത്ത് ആരുമില്ലാത്തതിനാൽ കേട്ടില്ല. പിറ്റേന്നു രാവിലെ ഒൻപതേ കാലോടെ സഹോദരൻ രാധാകൃഷ്ണനാണ് ഇവർ കിണറ്റിലുള്ളതായി കണ്ടത്. സമീപത്തെ കൃഷിയിടത്തിലേക്കു പോകുന്ന വഴി കിണറ്റിൽ നിന്നു നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ സമീപവാസിയായ മണികണ്ഠനുമായി ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയും ചെയ്തു.
കിണറ്റിൽ വെള്ളം കുറവായിരുന്നതിനാൽ മുങ്ങിത്താഴ്ന്നു പോയില്ല. ഫയർഫോഴ്സ് ഉടൻ എത്തിയെങ്കിലും റോഡിനു വീതി കുറവായതിനാൽ അഗ്നിരക്ഷാ സേനയുടെ വാഹനം സ്ഥലത്തെത്തിക്കാനായില്ല. റെസ്ക്യൂ നെറ്റ് ഉൾപ്പെടെയുള്ള രക്ഷാ സംവിധാനങ്ങൾ ഓട്ടോറിക്ഷയിലാണ് കിണറിനരികിൽ എത്തിച്ചത്. നെറ്റിൽ ഇരുത്തി രാധാമണിയമ്മയെ പുറത്തെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇടവിട്ടു പെയ്ത മഴ മുഴുവൻ നനഞ്ഞ് ജീവനു വേണ്ടി പ്രാർത്ഥനയും നിലവിളിയുമായിരുന്നു രാധാമണിയമ്മ. ഏറെ നീണ്ട പരിശ്രമത്തിന് ശേഷം ഒരു മണിക്കൂറെടുത്താണ് രാധാമണിയമ്മയെ പുറത്തെത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam