
തൃശൂർ: തെരുവുനായ ശല്യം അതിരൂക്ഷമായതോടെ തൃശൂർ ചൂണ്ടൽ ഗവ യുപി സ്കൂളിന് അവധി നൽകി എഇഒ. നായകളെ പേടിച്ച് ശുചിമുറിയിൽ പോലും പോകാൻ ആകാത്ത ഗതികേടിലാണ് വിദ്യാർത്ഥികൾ. കഴിഞ്ഞദിവസം വിദ്യാർത്ഥിയെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ കൂടി സ്ഥിരീകരിച്ചതോടെ, ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിനാണ് അവധി നൽകി അടച്ചിട്ടിരിക്കുന്നത്. ക്ലാസ് മുറികളിലും വരാന്തയിലും എല്ലാം തെരുവുനായകൻ വിഹരിച്ചു നടക്കുന്നുണ്ട്. സ്കൂൾ ഓഡിറ്റോറിയത്തിൽ 4 കുഞ്ഞുങ്ങളുമായി നായ പ്രസവിച്ചും കിടപ്പുണ്ട്.. അധ്യാപകർ വടികളുമായി കാവൽ നിന്ന് വിദ്യാർത്ഥികളെ തെരുവ് നായ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കേണ്ട അവസ്ഥയാണെന്ന് പ്രധാന അധ്യാപിക ഷീജ പറഞ്ഞു.
ശുചിമുറിയിൽ പോലും കുട്ടികൾക്ക് പോകാൻ കഴിയുന്നില്ലെന്നും ഷീജ പറഞ്ഞു. കഴിഞ്ഞദിവസം സ്കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചു. പിന്നീട് ചത്ത നായക്ക് പേവിഷബാധ കൂടി സ്ഥിരീകരിച്ചതോടെ രക്ഷിതാക്കളും ആശങ്കയിലാണ്. ഇന്നലെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടി പിടുത്തക്കാർ എത്തിയെങ്കിലും പിടികൂടാൻ ആയില്ല തുടർന്ന് പ്രധാനധ്യാപിക എഇഒയെ വിഷയം അറിയിച്ചതോടെയാണ് സ്കൂളിന് അവധി നൽകിയത്. 200 നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് നായ പേടി കൊണ്ട് അടച്ചിട്ടിരിക്കുന്നത്.
സ്കൂൾ കോമ്പൌണ്ടിലും പരിസരത്തുമെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടികൾ വരുന്ന വഴിയിലും തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണ്. കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam