തൃശൂര്‍: വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കണമെന്ന് നിരവധി കോടതി ഉത്തരവുകളുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ തീരുമാനം നടപ്പാക്കത്തത് ഗൗരവമായി കാണുന്നതായി മനുഷ്യാവകാശ കമ്മീഷന്‍. 2010ല്‍ വിരമിച്ച ജീവനക്കാരന് നല്‍കേണ്ട ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് തുക ഒരു മാസത്തിനകം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇക്കാര്യം കമ്മിഷനെ അറിയിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട്, തൃശൂര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
2010 മാര്‍ച്ച് 31ന് സര്‍വീസില്‍നിന്നും വിരമിച്ച ചെറുതുരുത്തി നെടുമ്പുര പടിഞ്ഞാറന്‍കുന്നത്ത് മൊയ്തീന്‍കുട്ടിയുടെ പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്. കമ്മിഷന്‍ പാലക്കാട് തദ്ദേശസ്വയം ഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറില്‍നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്റെ ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് സ്‌കീം അവസാനിപ്പിക്കാനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ സേവന കാലയളവില്‍ തന്റെ ശമ്പളത്തില്‍നിന്നും ഈടാക്കിയ തുകയെങ്കിലും തിരികെ ലഭിക്കാന്‍ നടപടിയെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പരാതിക്കാരനില്‍നിന്നും 2010 മാര്‍ച്ച് 31 വരെ പ്രതിമാസം 20 രൂപ ശമ്പളത്തില്‍നിന്നും ഈടാക്കിയിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് തൃശൂര്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണമാണ് പരാതിക്കാരന് തുക ലഭിക്കാത്തത്.
2010 മാര്‍ച്ച് 31ന് തിരുമിറ്റക്കോട് പഞ്ചായത്തില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍നിന്നും വിരമിച്ച പരാതിക്കാരന് മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. സര്‍വീസില്‍നിന്നും വിരമിച്ച് 13 വര്‍ഷം കഴിഞ്ഞിട്ടും ഇന്‍ഷൂറന്‍സ് ആനുകൂല്യം നല്‍കാത്തതിനെതിരെ നടപടിയുണ്ടാകണമെന്ന് പരാതിക്കാരന്‍ അഭ്യര്‍ഥിച്ചു. തുക നല്‍കുന്നതില്‍ കാലതാമസമുണ്ടായതായി നിരീക്ഷിച്ച കമ്മിഷന്‍ പാലക്കാട് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പരാതിയെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ലെന്നും സൂചിപ്പിച്ചു. കേസ് നവംബറില്‍ നടക്കുന്ന സിറ്റിങ്ങില്‍ വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam