
തിരുവനന്തപുരം : പോത്തൻകോട് – ആണ്ടൂർക്കോണം എൽ.പി. സ്കൂളിനുസമീപത്തെ അപകട വളവിൽ വെളിച്ചക്കുറവു കാരണം അപകടങ്ങൾ പതിവാകുന്നതിനെ കുറിച്ച് ട്രാഫിക് ഡി.വൈ.എസ്.പി. യെ നിയോഗിച്ച് ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
അപകടമേഖലയായ വളവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിച്ചതാണ് 6 മാസത്തിനിടെ അപകടങ്ങൾ വർധിക്കാനുള്ള കാരണമെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഹൈമാസ്റ്റ് ലൈറ്റിന്റെ ആവശ്യകതയും അത് സ്ഥാപിക്കേണ്ടത് ആരാണെന്നും കമ്മീഷനെ അറിയിക്കണം. വളവിലുള്ള ഓട അപകടത്തിന് കാരണമാകുന്നുണ്ടോ എന്നും പരിശോധിക്കണം. ഇതേ വിഷയങ്ങൾ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും പ്രത്യേകം പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ, അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, ആണ്ടൂർക്കോണം പഞ്ചായത്ത് സെക്രട്ടറി, എന്നിവർ ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. ജില്ലാ കളക്ടർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എന്നിവരുടെ പ്രതിനിധികളും, ട്രാഫിക് ഡി.വൈ.എസ്.പി, ആണ്ടൂർക്കോണം പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരും മാർച്ച് 18 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണം.
സ്വകാര്യ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ ജീവനക്കാരൻ അൻഷാദ് കഴിഞ്ഞ ദിവസം സ്കൂട്ടർ മറിഞ്ഞ് മരിച്ചതാണ് ഒടുവിലത്തെ അപകടം. ഹമ്പിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിയുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam