കൊവിഡിനിടെ എസ്റ്റേറ്റ് മേഖലയിൽ നായാട്ടുസംഘം സജീവം; ഇടുക്കിയിൽ കേഴമാനിന്റെ മാംസവുമായി ഏഴുപേർ പിടിയിൽ

By Web TeamFirst Published Apr 28, 2020, 9:56 PM IST
Highlights

ചൊവ്വാഴ്ച പുലര്‍ച്ചയോടെ കെണിയില്‍ വീണ കേഴമാനിനെ നാഗരാജ്, കുമാര്‍ (25) സാംകി (32) ഗോപി (33) എന്നിവരുടെ നേതൃത്വത്തില്‍ വെട്ടി ഇറച്ചിയാക്കി പങ്കിട്ടു നല്‍കി. 

ഇടുക്കി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ എസ്റ്റേറ്റ് മേഖലലയില്‍ നായാട്ടുസംഘം സജീവമാകുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ 10 കിലോ കേഴമാനിന്റെ മാംസമടക്കം 7 പേരെ വനപാലകര്‍ പിടികൂടി. കാട്ടില്‍ കെണി സ്ഥാപിച്ചാണ് വന്യ മൃ​ഗങ്ങളെ പിടികൂടിയത്. ചൊക്കനാട് വട്ടക്കാട് ഡിവിഷനിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് സംഘം നായാട്ട് നടത്തിയിരുന്നത്. 

എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള കാട്ടില്‍ വിജയകുമാര്‍ (38) നാഗരാജ് (27) മോഹനന്‍(30) എന്നിവര്‍ ചേര്‍ന്ന് കെണി സ്ഥാപിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ കെണിയില്‍ വീണ കേഴമാനിനെ നാഗരാജ്, കുമാര്‍ (25) സാംകി (32) ഗോപി (33) എന്നിവരുടെ നേതൃത്വത്തില്‍ വെട്ടി ഇറച്ചിയാക്കി പങ്കിട്ടു നല്‍കി. സംഭവം നടക്കുമ്പോള്‍ മുനിയസ്വാമി ഇല്ലെങ്കിലും ഇയാളുടെ പങ്ക് വീട്ടില്‍ കൊടുക്കുകയും ചെയ്തു. 

ദേവികുളം റേഞ്ച് ഓഫീസര്‍ വി.എസ് സിനിലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സംഘങ്ങള്‍ മൂന്നാറിലെ വനമേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ ആര്‍.ആര്‍.ടിയുടെ സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഫോറസ്റ്റര്‍ അബൂബക്കര്‍ സിദ്ദിഖ്, ബി.എഫ്.ഒ അനീഷ്, ജോസഫ്, ടോംജോസ്, പി.എസ്. സുരേഷ്, ആര്‍.ആര്‍.ടീമിലെ ശ്രീകുമാര്‍, അന്‍പുമണി, രാജ്കുമാര്‍, ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

click me!