
കൊല്ലം: യുവതിയെ ക്രൂരമായി കുത്തിപരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ തുമ്പോളി ആറാട്ടുകുളങ്ങര ചാർലി (38) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മിനിമോൾ മേരി (28) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നീണ്ടകരയിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മുറിയിൽ നിന്ന് മിനിമോളെ ചാർലി വലിച്ചിഴച്ച് അടുക്കളയിലേക്ക് കൊണ്ട് വന്നു. തുടർന്ന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
നവംബർ മൂന്നിന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. രക്തം വാർന്ന് ഒഴുകിയിട്ടും മിനിമോളെ ആശുപത്രിയിൽ കൊണ്ട് പോകാൻ ആദ്യം ടിന്റു എന്ന് വിളിക്കുന്ന ചാർലി തയാറായില്ല. മിനിമോളുടെ അവസ്ഥ കൂടുതൽ മോശമായതോടെ ഭാര്യയെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം ചാർലി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏഴും മൂന്നും വയസ്സുള്ള കുട്ടികളാണ് ഇവർക്കുള്ളത്. സംഭവ സമയത്ത് ഇവർ ഉറങ്ങുകയായിരുന്നു. മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്ന ചാർലിയെ ചവറ പൊലീസ് കോട്ടയത്ത് നിന്നാണ് പിടികൂടിയത്.. വധശ്രമത്തിനാണു കേസ് എടുത്തിട്ടുള്ളത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.