സങ്കരവര്‍ഗം കന്നുകാലികളില്‍ 'തൈലേറിയ' എന്ന മാരകരോഗം പടരുന്നു; മരുന്ന് കിട്ടാനില്ല

By Web TeamFirst Published May 14, 2019, 11:24 AM IST
Highlights

തൈലേറിയ എന്ന ഈ മാരക രോഗം സംസ്ഥാനത്തിന് അസാധാരണമായതിനാല്‍ ഇതിനുള്ള മരുന്ന് സുലഭമല്ല. മാത്രമല്ല പ്രതിരോധ കുത്തിവയ്പിന് ആയിരത്തിയഞ്ഞൂറോളം രൂപ വിലവരുന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. 

തൃശൂര്‍: ജില്ലയുടെ തെക്കന്‍ മേഖലയിലെ സങ്കരവര്‍ഗം കന്നുകാലികളില്‍ തൈലേറിയ എന്ന മാരകരോഗം പടരുന്നതായി പരാതി. കാടുകുറ്റി, കൊരട്ടി മേഖലകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച കാലികളിലാണ് രോഗം വ്യാപകമായുള്ളത്. പശുക്കള്‍ പാല്‍ ചുരത്തുന്നത് കുറയുന്നതും കന്നുകാലികളുടെ ശോഷിപ്പുമാണ് രോഗത്തിന്‍റെ ആദ്യലക്ഷണമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതോടെ ഇവയ്ക്ക് കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു.

ഭക്ഷണം കഴിക്കാനാകാതെ രോഗ പ്രതിരോധശേഷി നഷ്ടപ്പെട്ട് ഇവ ചത്തുവീഴുന്നതായും കര്‍ഷകര്‍ പറയുന്നു. കാടുകുറ്റി, കൊരട്ടി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ തന്നെ രണ്ടു മാസക്കാലയളവിനുള്ളില്‍ ഏഴു പശുക്കള്‍ ചത്തതായാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്. തൈലേറിയ എന്ന ഈ മാരക രോഗം സംസ്ഥാനത്തിന് അസാധാരണമായതിനാല്‍ ഇതിനുള്ള മരുന്ന് സുലഭമല്ല.

മാത്രമല്ല പ്രതിരോധ കുത്തിവയ്പിന് ആയിരത്തിയഞ്ഞൂറോളം രൂപ വിലവരുന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. തുടര്‍ ചികിത്സക്കും ഭീമമായ തുക കര്‍ഷകര്‍ കണ്ടെത്തേണ്ടി വരുന്നതും കര്‍ഷകരെ ദുരിതത്തിലാഴ്ത്തുകയാണ്. പശുക്കളുടെ രക്തം കുടിക്കുന്ന ജീവികളും ചെള്ളുകളുമാണ് രോഗം പരത്തുന്നത്രേ. 

കാടുകുറ്റി, വൈന്തല, ആറ്റപ്പാടം എന്നീ മേഖലകളില്‍ നിന്ന് രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയേറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടലില്ലെന്ന ആക്ഷേപം ശക്തമാണ്. കാടുകുറ്റി മാക്കാട്ടില്‍ സുബ്രമണ്യന്‍, ഷാജു എന്നിവരുടെ ഫാമിലെ പശുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതിനെ തുടര്‍ന്ന് വലിയപറമ്പിലെ ക്ഷീര വികസന വകുപ്പിന്‍റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

അന്യസംസ്ഥാനത്ത് നിന്നുള്ള കന്നുകാലികളിലാണ് രോഗ ലക്ഷണം കണ്ടത്. ഇതോടെ ക്ഷീര വകുപ്പിന്‍റെ സബ്‌സിഡി ലഭിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങണമെന്ന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം കര്‍ഷകര്‍ക്കിടയില്‍ സജീവമായിരിക്കുകയാണ്. 

കേരളത്തില്‍ നിന്ന് തന്നെ കര്‍ഷകര്‍ക്ക് മികച്ച പശുക്കളെ ലഭിക്കാന്‍ കഴിയുമെന്നിരിക്കെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങണമെന്ന നിയമം ലോബികളെ സഹായിക്കാനാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് പുറമെ നഷ്ടപരിഹാരം നല്‍കുന്ന വിഷയത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനികളും കര്‍ഷകരെ ചതിക്കുന്നതായും പരാതികളുണ്ട്.

click me!