കഴിഞ്ഞ തവണ കോൺഗ്രസിന് വേണ്ടി മത്സരിച്ച രാഹുലല്ല, ഇപ്പോഴത്തെ രാഹുലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എസ് വിജയരാഘവൻ. പാലക്കാട് മത്സരിക്കാൻ ജില്ലയിലെ തന്നെ നല്ല നേതാക്കളുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാനുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കത്തിന് തടയിടാൻ കോൺഗ്രസിലെ ഒരു വിഭാഗം. കഴിഞ്ഞ തവണ കോൺഗ്രസിന് വേണ്ടി മത്സരിച്ച രാഹുലല്ല, ഇപ്പോഴത്തെ രാഹുലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എസ് വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാലക്കാട് മത്സരിക്കാൻ ജില്ലയിലെ തന്നെ നല്ല നേതാക്കളുണ്ട്. പുറത്ത് നിന്നുള്ളവർ ഇനി മത്സരിക്കേണ്ടി വരില്ലെന്നും കൊള്ളാവുന്ന സ്ഥാനാർത്ഥിയെ നിർത്തിയാൽ കോൺഗ്രസിന് ജയം ഉറപ്പാണെന്നും വി എസ് വിജയരാഘവൻ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വിജയരാഘവിന്‍റെ പ്രതികരണം.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. കഴിഞ്ഞ ദിവസം രാഹുലിന് പാലക്കാട് സീറ്റ് നല്‍കരുതെന്ന് നിലപാട് പറഞ്ഞ മുതിര്‍ന്ന നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവുമായ പി ജെ കുര്യന്‍ അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് മത്സരിക്കാമെന്ന് പിന്നീട് തിരുത്തിയത് പാര്‍ട്ടിയിലെ ആശയക്കുഴപ്പത്തിന് തെളിവായി. വീണ്ടും മത്സരിക്കാനുള്ള സാധ്യത തളളിക്കളയാതെയായിരുന്നു രാഹുലിന്‍റെയും പ്രതികരണം. പെരുന്നയില്‍ കുര്യന്‍റെ കാതില്‍ രാഹുല്‍ പറഞ്ഞ രഹസ്യമെന്തെന്ന് വ്യക്തമല്ലെങ്കിലും തന്നെ ഉപദ്രവിച്ചാല്‍ തനിക്കും പലതും പറയേണ്ടി വരുമെന്ന ഭീഷണി കലര്‍ന്ന മുന്നറിയിപ്പിലാണ് മുതിര്‍ന്ന നേതാവ് നിലപാട് മാറ്റിയതെന്നാണ് കോണ്‍ഗ്രസിലെ അണിയറ വര്‍ത്തമാനം. പക്ഷേ രാഹുലും കുര്യനും ഈ ആരോപണം പരസ്യമായി തള്ളിയിരുന്നു.
പാര്‍ട്ടിക്ക് പുറത്തായ രാഹുലിന് ഇനിയും സീറ്റുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരു നോ പറയാന്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിക്ക് പോലും കഴിയുന്നില്ല. വിഷയത്തില്‍ യുഡിഎഫ് കണ്‍വീനറും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ്. പാര്‍ട്ടിക്ക് പുറത്തായ ആളെ കുറിച്ചുള്ള ചര്‍ച്ച തന്നെ അനാവശ്യമെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. വി ഡി സതീശന്‍ രാഹുലിനെതിരെ കടുത്ത നിലപാടിലെങ്കിലും ലൈംഗിക ആരോപണങ്ങളിന്മേലുയര്‍ന്ന കേസുകളുടെ ഭാവി നോക്കിയ ശേഷം മാത്രം രാഹുലിനെ മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മതിയെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്. സീറ്റില്ലെന്ന് ഇപ്പോഴേ തറപ്പിച്ചു പറഞ്ഞാല്‍ സൈബര്‍ ഇടപെടലിലൂടെ രാഹുല്‍ വാദികള്‍ നടത്തിയേക്കാവുന്ന ആക്രമണവും ഉറച്ച നിലപാട് പറയുന്നതില്‍ നിന്ന് നേതാക്കളെ പിന്തിരിപ്പിക്കുന്നത്.



