കുറ്റ്യാടി പഞ്ചായത്തിലെ 106ാം ബൂത്തിൽ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനിടെ 500ഓളം പേർ പട്ടികയിൽ നിന്ന് പുറത്തായി. ഇലക്ഷന്‍ കമ്മീഷന്റെ ആപ്പില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തപ്പോള്‍ ബിഎല്‍ഒക്ക് പിഴവ് സംഭവിച്ചതാണ് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പരാതി നൽകി.
കോഴിക്കോട്: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്റെ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നതില്‍ ബിഎല്‍ഒക്ക് പിഴവ് സംഭവിച്ചതായി പരാതി. കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലെ 106ാം ബൂത്തിലെ വോട്ടര്‍മാരാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. അഞ്ഞൂറോളം ആളുകളാണ് എസ്‌ഐആര്‍ പ്രകാരം പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. ഇതോടെ ഇവര്‍ ഹിയറിംഗിന് പോകേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്.
എസ്‌ഐആറിന്റെ പൂരിപ്പിച്ച ഫോറം ബിഎല്‍ഒ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചതാണെന്നാണ് ആരോപണം. 2002ല്‍ വോട്ടുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകള്‍ തെറ്റായ രീതിയില്‍ ആപ്പില്‍ അപ്ലോഡ് ചെയ്തുവെന്നും ഇതോടെ ഇത്രയും ആളുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായെന്നുമാണ് നാട്ടുകാരുടെ വാദം. അതേസമയം ബിഎല്‍ഒക്കെതിരെ ജില്ലാ കലക്ര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കിയിരിക്കുകയാണ് ജനപ്രതിനിധികള്‍.


