
മൂന്നാര്‍. കെ റയിലിനെതിരെ പ്രതിഷേധിച്ച എംപിമാരടക്കമുള്ള ജനപ്രതിനിധികളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കൊടിവെച്ച കാറുകളില്‍ മന്ത്രിമാര്‍ക്ക് സംസ്ഥാനത്ത് യാത്രചെയ്യാന്‍ കഴിയില്ലെന്ന് ഡിസിസി പ്രസിഡന്റ് സിപി മാത്യു. ഐഎന്‍ടുസി സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മൂന്നാറില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റയിലെതിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധം കേന്ദ്രത്തിനെ അറിയിക്കുന്നതിനാണ് ഇന്നലെ എംപിമാര്‍ ശ്രമിച്ചത്. എന്നാല്‍ കേന്ദ്രവും പിണറായിയും ചേര്‍ന്ന് അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കൊടിവെച്ച കാറുകളില്‍ യാത്ര ചെയ്യാന്‍ സമ്മദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് സിപി മാത്യു പറഞ്ഞു. മുന്‍ എംഎല്‍എ എകെ മണി, കെഇ ഇസ്മായില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
എംപിമാർക്ക് എതിരായ പൊലീസ് അതിക്രമം: മുഖ്യമന്ത്രിയും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് വിഡി സതീശൻ
സിൽവർ ലൈൻ വിരുദ്ധ സമരത്തിനിടെ ദില്ലിയിൽ പൊലീസ് മർദ്ദനമേറ്റ എംപിമാരെ പരിഹസിച്ച സിപിഎം നേതാക്കൾക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാൻ. സിപിഎം തീവ്ര വലതുപക്ഷത്തേക്ക് മാറുകയാണ്. വിദ്രോഹ കൂട്ടുകെട്ടിൽ എൻ ഇ ബാലാറാമിന്റെ മക്കളും സി അച്യുതമേനോന്റെ മക്കളുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റത്തിലൂടെ പല വമ്പന്മാർക്കും ഇളവ് കിട്ടിയെന്നും ഇതെല്ലാം ഒന്നൊന്നായി പുറത്തുവരുമെന്നും സതീശൻ പറഞ്ഞു. കെ റെയിലിൽ ബിജെപിക്കും സംസ്ഥാന സർക്കാരിനും ഇടയിൽ ഇടനിലക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസ് വരെ വിവാദം വേണ്ടെന്നാണ് സർക്കാർ തീരുമാനം. അതിനാലാണ് സർവേ നിർത്തിയത്. ഇത് താത്കാലികമായുള്ള പിൻവാങ്ങലാണ്. പൂർണമായും പിന്മാറിയിട്ടില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
പ്രതിഷേധം ഭയന്ന് കല്ലിടൽ നിർത്തി?
പ്രതിഷേധം കടുത്തതോടെ പലയിടത്തും സിൽവർ ലൈൻ സർവെ നിർത്തിയതായാണ് ഏറ്റവും പുതിയ വിവരം. വടക്കൻ ജില്ലകളിലും ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലും കല്ലിടൽ ഇല്ല. സംസ്ഥാനത്ത് മുഴുവൻ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ. ജില്ലകളിലെ സാഹചര്യം നോക്കി തീരുമാനിക്കുമെന്നുമാണ് വിശദീകരണം. പൊലീസ് സുരക്ഷ ഉറപ്പാക്കാനാകാതെ സർവ്വേ തുടരാനാകില്ലെന്നാണ് എറണാകുളത്ത് സർവ്വേ നടത്തുന്ന സ്വകാര്യ ഏജൻസിയുടെ ഉദ്യോഗസ്ഥരുടെ നിലപാട്. വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണെന്ന് ഏജൻസി പരാതിപ്പെടുന്നു. ഇന്നലെ പിറവത്ത് സർവ്വേ സംഘത്തിന്‍റെ കാർ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്നാണ് ജീവനക്കാർ പറയുന്നത്. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയിൽ ഇനി 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തിയാക്കാനുള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജൻസി പറയുന്നു. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പിറവ൦ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയിൽ കല്ലിടൽ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടൽ തുടരേണ്ടത് എന്നതിനാൽ പ്രതിരോധിക്കാൻ ഉറച്ച് നിൽക്കുകയായിരുന്നു സമരസമിതിയും. കോൺഗ്രസ് അണിനിരന്നതിന് പിന്നാലെ ബിജെപിയും ഇന്ന് മുതൽ ചോറ്റാനിക്കരയിൽ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐയും ജനസഭ എന്ന പേരിൽ കെ റെയിൽ അനുകൂല പരിപാടി ചോറ്റാനിക്കരയിൽ നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam