യുവാവിന് നേരിടേണ്ടി വന്ന അതിക്രൂരമായ ആക്രമണമെന്നതിന്‍റെ തെളിവുകള്‍ പ്രതികളുടെ ഫോണില്‍ നിന്നാണ് പൊലീസിന് കിട്ടിയത്. ആക്രമണത്തിന് നേതൃത്വം നല്‍കിയത് പറവൂര്‍ സ്വദേശിനിയായ സഫീനയാണ്.
കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഭിന്നശേഷിക്കാരനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി മര്‍ദിച്ച കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം. യുവാവിന് അതിക്രൂരമായ മര്‍ദനമാണ് നേരിട്ടതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പ്രതികളുടെ ഫോണില്‍ നിന്ന് പൊലീസിന് കിട്ടി. ബധിരനും മൂകനുമായ യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരു യുവതിയടക്കം നാലു പേരാണ് കഴിഞ്‍ ദിവസം കടവന്ത്ര പൊലീസിന്‍റെ പിടിയിലായത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.
യുവാവിന് നേരിടേണ്ടി വന്ന അതിക്രൂരമായ ആക്രമണമെന്നതിന്‍റെ തെളിവുകള്‍ പ്രതികളുടെ ഫോണില്‍ നിന്നാണ് പൊലീസിന് കിട്ടിയത്. ആക്രമണത്തിന് നേതൃത്വം നല്‍കിയത് വടക്കന്‍ പറവൂര്‍ സ്വദേശിനിയായ സഫീന ഷുക്കൂറാണെന്ന് പൊലീസ് പറയുന്നു. ഹണി ട്രാപ്പിന് സമാനമായ തരത്തിലാണ് യുവാവിനെ സഫീനയും സംഘവും ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. അതുകൊണ്ടു തന്നെ സമാനമായ തരത്തില്‍ മറ്റാരെയങ്കിലും പ്രതികള്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുളള പൊലീസിന്‍റെ ആലോചന.
കൊല്ലം സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം സ്ഥാപിച്ച ശേഷം സഫീന ഇയാളെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. ഹോട്ടല്‍ മുറിയില്‍ വച്ച് യുവാവിന്‍റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഫീനയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ശ്രമിച്ചെന്നും എതിര്‍ത്തപ്പോഴായിരുന്നു മര്‍ദനമെന്നും പൊലീസ് പറയുന്നു. യുവാവിന്‍റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണം തട്ടിയെടുക്കാന്‍ സംഘം ശ്രമിച്ചെന്നും പരാതിയുണ്ട്. കേസില്‍ സഫീനയ്ക്കു പുറമേ സുഹൃത്തുക്കളായ അമല്‍ വേണുഗോപാല്‍,ജോണ്‍ സാമുവല്‍,ആനന്ദ് മുരുകന്‍ എന്നിവരാണ് പ്രതികള്‍.
അതേസമയം സംഭവത്തിൽ ഒളിവിലുള്ള ഒരു പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി പൊലീസ്. യുവാവിനെ മർദ്ദിച്ച സംഘത്തിലുള്ള പ്രതികളിൽ ഒരാളായ ഫസലിന് വേണ്ടിയാണ് അന്വേഷണം തുടരുന്നത്. ഇന്നലെ അറസ്റ്റിലായ സഫാന ഷുക്കൂര്‍,അമൽ വേണുഗോപാൽ എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.



