മഞ്ഞുരുകാതെ; ഇടുക്കിയില്‍ എംഎല്‍എയും സബ് കലക്ടറും വേദി പങ്കിട്ടു

By Web TeamFirst Published Jul 8, 2019, 1:17 PM IST
Highlights

ഇടുക്കി എംഎല്‍എ എസ് രാജേന്ദ്രനും സബ് കളക്ടര്‍ രേണുരാജും മാസങ്ങള്‍ക്ക് ശേഷം ഒരേ വേദി പങ്കിട്ടു. എന്നാല്‍ ഇരുവരും പരസ്പരം സംസാരിക്കാന്‍ തയ്യാറായില്ല. മൂന്നാറിലെ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ശനിയാഴ്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും സബ് കളക്ടര്‍ രേണുരാജും വേദി പങ്കിട്ടത്. 

ഇടുക്കി: ഇടുക്കി എംഎല്‍എ എസ് രാജേന്ദ്രനും സബ് കളക്ടര്‍ രേണുരാജും മാസങ്ങള്‍ക്ക് ശേഷം ഒരേ വേദി പങ്കിട്ടു. എന്നാല്‍ ഇരുവരും പരസ്പരം സംസാരിക്കാന്‍ തയ്യാറായില്ല. മൂന്നാറിലെ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ശനിയാഴ്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും സബ് കളക്ടര്‍ രേണുരാജും വേദി പങ്കിട്ടത്. എംഎല്‍എയുടെ ഇരുഭാഗത്തായിട്ടായിരുന്നു ജില്ലാ കളക്ടര്‍ എച്ച് ദിനേശനും സബ് കളക്ടര്‍ രേണുരാജിനും ഇരിപ്പിടം ഒരുക്കിയത്. 

ട്രാഫിക്ക് നിയന്ത്രങ്ങളുടെ ഭാഗമായി സബ് കളക്ടര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും പാലിക്കാന്‍ സബ് കളക്ടര്‍ തയ്യറായില്ലെന്ന് എംഎല്‍എ എസ് രാജേന്ദ്രന്‍  പറയാതെ പറഞ്ഞുവെച്ചെങ്കിലും പുഞ്ചിരിയോടെയാണ് സബ് കളക്ടര്‍ ആരോപണത്തെ നേരിട്ടത്. മൂന്നാര്‍ വികസനവുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എംഎല്‍എ ജില്ലാ കളക്ടറോട് മറുപടി ആവശ്യപ്പെട്ടു.  

രാജമലയില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുവാന്‍  ഡിഎഫ്ഒ, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുടെ പേര് പരാമര്‍ശിച്ചപ്പോഴും സബ് കളക്ടറുടെ പേര് ചേര്‍ക്കുന്നതിന് ജില്ലാ കളക്ടറെയാണ് എംഎല്‍എ നിയോഗിച്ചത്. മാത്രമല്ല പട്ടയ സംബന്ധമായ പ്രശ്‌നങ്ങളുമായി പ്രദേശവാസികളില്‍ ചിലര്‍ അവിടെ എത്തിയെങ്കിലും അവര്‍ക്ക് മറുപടി നല്‍കിയതും ജില്ലാ കളക്ടര്‍. 

പഴയ മൂന്നാറില്‍ റവന്യുവകുപ്പിന്‍റെ അനുമതിയില്ലാതെ പുഴയോരത്ത് പഞ്ചായത്ത് കെട്ടിടം നിര്‍മ്മിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ ദേവികുളം സബ് കളക്ടര്‍ കെട്ടിടം പണി നിര്‍ത്തി വെയ്ക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ കെട്ടിടത്തിന്‍റെ പണികള്‍ നിര്‍ത്തുന്നതിന് പഞ്ചായത്ത് അധികൃതര്‍ തയ്യറായില്ല. ഇതോടെ റവന്യു അധികൃരുടെ നേതൃത്വത്തില്‍ ജീവനക്കാരെത്തിയെങ്കിലും എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടയുകയും സബ് കളക്ടറെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തു. 

സംഭവം വിവാദമായതോടെ വീട്ടിലെ അംഗമാണെന്ന് കരുതിയാണ് അങ്ങിനെ പെരുമാറിയതെന്നായിരുന്നു എംഎല്‍എയുടെ മറുപടി. പ്രശ്‌നം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പാര്‍ട്ടി എംഎല്‍എയെ ശകാരിക്കുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ സബ് കളക്ടര്‍ പങ്കെടുത്ത യോഗങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു.  ഈ പ്രശ്‌നത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുവേദിയില്‍ എത്തുന്നത്.

click me!