
ഇടുക്കി: വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതിനെത്തുടര്‍ന്ന് ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി. ശ്രീറാമിനെതിരെ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 ഏപ്രിലിലാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ കെഎന്‍ ശിവന്‍ ആത്മഹത്യ ചെയ്തത്. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്തായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്. വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തുവെന്നു കാണിച്ച് അന്നത്തെ ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഇദ്ദേഹം പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാം പരാതിയിന്മേല്‍ നടപടികളൊന്നുമെടുത്തില്ലെന്ന് മരിച്ച ശിവന്‍റെ സഹോദര പുത്രന്‍ പ്രദീപ് വ്യക്തമാക്കി.
തുടര്‍ന്ന് തുടര്‍നടപടികള്‍ക്ക് വേണ്ടി വിവരാവകാശം നല്‍കി. പരാതിക്കാരനോട് ഹാജരാകാന്‍ നാലു തവണ ആവശ്യപ്പെട്ടിട്ടും എത്തിയില്ലെന്നാണ് വിവരാവകാശം പ്രകാരം ലഭിച്ച രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് വ്യാജമാണെന്നും പ്രദീപ് ആരോപിക്കുന്നു. മരിച്ച ശിവന്‍ പരാതി നല്‍കുന്നതിന് മുമ്പുള്ള തിയ്യതിയില്‍ പോലും നോട്ടീസ് അയച്ചതായാണ് വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ കാണുന്നതെന്നും പ്രദീപ് വ്യക്തമാക്കി.
തട്ടിപ്പുകാരെ സഹായിക്കുന്ന രീതിയിലുള്ളതായിരുന്നു ശ്രീറാമിന്‍റെ നടപടി. ഇതില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തത്. ശ്രീറാം ഇതില്‍ കുറ്റക്കാരനാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam