'സ്കൂൾ അവധി അറിയാതെ കുട്ടികൾ', മൂന്നാറിലെ എസ്റ്റേറ്റ് മേഖലയില്‍ മഴ ശക്തമായാല്‍ ടവറുകള്‍ പരിതിക്ക് പുറത്ത്

By Web TeamFirst Published Jul 14, 2022, 2:15 PM IST
Highlights

ഇന്ന് സ്കൂള്‍ അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് തോട്ടംതൊഴിലാളികളുടെ മക്കള്‍ അറിഞ്ഞില്ല. മൂന്നാറിലെത്തിയതോടെയാണ്  അവധി പ്രഖ്യാപിച്ച വിവരം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്

മൂന്നാർ :  മഴ കനക്കുമ്പോള്‍ മൂന്നാറിലെ തോട്ടം മേഖലകളില്‍ മൊബൈല്‍ ടവറുകള്‍ പരിധിക്ക് പുറത്താവുന്നത് പതിവാകുന്നു. എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍  വിവരങ്ങള്‍ കൈമാറാന്‍ പോലും കഴിയാത്ത അവസ്ഥായണ് എസറ്റേറ്റ് മേഖലകളില്‍ നിലനില്‍ക്കുന്നത്. ബിഎസ്എന്‍എല്‍ സേവനം മാത്രം ലഭ്യമാകുന്ന ഭാഗങ്ങളില്‍ മറ്റ് സ്വകാര്യ ടവറുകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. 

ആയിരക്കണക്കിന് തൊഴിലാളികളാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്നത്. ചില എസ്റ്റേറ്റുകള്‍ മൂന്നാറിന്‍റെ സമീപപ്രദേശങ്ങളിലും മറ്റ് ചിലത് വിദൂരങ്ങളിലുമാണ് ഉള്ളത്. മൂന്നാറിലും സമീപപ്രദേശങ്ങളില്‍ ഉള്ള എസ്റ്റേറ്റുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ബിഎസ്എന്‍എല്‍ പണിമുടക്കിയാല്‍ മറ്റ് സ്വകാര്യ കമ്പനികളുടെ ടവറുകള്‍ ഉള്ളതിനാല്‍ ആശയവിനിമയം നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ വിദൂരങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ബിഎസ്എന്‍എല്‍ ടവറുകളാണ് ആശ്രയം. 

ഇവയാകട്ടെ മഴ ശക്തമാകുന്നതോടെ പണിമുടക്കം. ഇതോടെ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ അത് പുറംലോകത്തെത്തിക്കാന്‍ കഴിയില്ല. ഇന്ന് സ്കൂള്‍ അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് തോട്ടംതൊഴിലാളികളുടെ മക്കള്‍ അറിഞ്ഞില്ല. മൂന്നാറിലെത്തിയതോടെയാണ്  അവധി പ്രഖ്യാപിച്ച വിവരം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. ഇത്തരം പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. 

സ്വകാര്യ കമ്പനികളുടെ ടവറുകള്‍ സ്ഥാപിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നിരിക്കെ അതിനും ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ ഇടപെടല്‍ നടത്തുന്നില്ല. കഴിഞ്ഞ മൂന്നുദിവസമായി മൂന്നാര്‍ മേഖലയില്‍ അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. 8 സെ.മീറ്റര്‍, 11 സെ.മീറ്റര്‍ മഴവരെ മൂന്നാറിലെ വിവിധ മേഖലകളില്‍ രേഖപ്പെടുത്തി. ലക്ഷ്മി എസ്റ്റേറ്റില്‍ മൂന്നുദിവസമായി വൈദ്യുതിയില്ല. കന്നിമല, കടലാര്‍, രാജമല, പെട്ടിമുടി, ഗുണ്ടുമല,സൈലന്‍റുവാലി എന്നിവിടങ്ങളിലെ അവസ്ഥയും മറിച്ചല്ല. ഇവിടങ്ങളില്‍ർ ടവറുകള്‍ പണിമുടക്കിയിരിക്കുകയാണ്.

click me!