
മലപ്പുറം: ഇഫ്താർ സംഗമമൊരുക്കി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. താലപ്പൊലിയും റമദാൻ വ്രതവും ഒരുമിച്ച് വന്നതോടെ ക്ഷേത്രോത്സവ ദിനത്തിൽ നോമ്പുതുറ ഒരുക്കുകയായിരുന്നു ജനകീയാഘോഷ കമ്മിറ്റി. ചെമ്പ്രശ്ശേരി ഈസ്റ്റിലെ പുളിവെട്ടിക്കാവിൽ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം ജനകീയ പൂരാഘോഷ കമ്മിറ്റിയാണ് മതസൗഹാർദത്തിന് മാതൃക തീർത്തത്.
ക്ഷേത്രാങ്കണത്തിൽ തന്നെ പന്തലിൽ വിഭവങ്ങളൊരുക്കി ആയിരുന്നു നോമ്പുതുറ. മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ അവസാന ദിവസം സംഘടിപ്പിച്ച നോമ്പുതുറയിൽ അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. ഇതാദ്യമായാണ് ഉത്സവവും റമദാൻ വ്രതവും ഒരുമിച്ച് വന്നതെന്നും മുസ്‌ലിംകളെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോമ്പുതുറ സംഘടിപ്പിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.
പൂരാഘോഷ ജനകീയ കമ്മിറ്റി പ്രസിഡന്റ് വി രഞ്ജിത്ത്, ട്രഷറർ ഒ പ്രേംജിത്ത്, സെക്രട്ടറി പി മാനു, പി ആർ രശ്മിൽനാഥ്, പി ആർ രോഹിൽനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam