പത്തനംതിട്ട: അനധികൃത കെട്ടിടത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ

By Web TeamFirst Published Mar 3, 2020, 7:33 AM IST
Highlights

നഗരസഭയുടെയും തദ്ദേശ ഭരണ ട്രൈബ്യൂണലിന്‍റെയും സ്റ്റോപ്പ് മെമ്മോകൾ വക വെക്കാതെയാണ് കെട്ടിട നി‍ർമ്മാണം നടന്നതെന്ന് ബോധ്യപ്പെട്ടതായി ജില്ല കലക്ടർ പിബി നൂഹ് പറഞ്ഞു

പത്തനംതിട്ട: നഗരസഭയുടെ അനുമതി ഇല്ലാതെ കെട്ടിട സമുച്ചയം നിർമ്മിച്ചതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ. ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് നിർമ്മാണം നടന്നതെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ പറഞ്ഞു. അനധികൃത നിർമ്മാണം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് കലക്ടർ സ്ഥലം സന്ദർശിച്ചത്.

നഗരസഭയുടെയും തദ്ദേശ ഭരണ ട്രൈബ്യൂണലിന്‍റെയും സ്റ്റോപ്പ് മെമ്മോകൾ വക വെക്കാതെയാണ് കെട്ടിട നി‍ർമ്മാണം നടന്നതെന്ന് ബോധ്യപ്പെട്ടതായി ജില്ല കലക്ടർ പിബി നൂഹ് പറഞ്ഞു. ഇതു സംബന്ധിച്ച് നഗരസഭാ സെക്രട്ടറിയിൽ നിന്നും പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ അനുമതി നൽകിയിരുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഉടമക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിശദമായ റിപ്പോർട്ട് നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.

സ്ഥലം സന്ദർശിച്ച കലക്ടറോട് സമീപവാസികളും പരാതി അറിയിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ചട്ടപ്രകാരമുള്ള അകലം പാലിക്കാതെയാണ് നിർമ്മാണം നടത്തിയതെന്നും പലതവണ നഗരസഭക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സമീപവാസികൾ പറഞ്ഞു. സ്ഥലം കയ്യേറിയാണ് ഗേറ്റ് ഉൾപ്പെടെ നിർമ്മിച്ചെന്നും പരാതി ഉയർന്നു. നിർമ്മാണം തടഞ്ഞുകൊണ്ട് മുൻസിഫ് കോടതിയുടെയും, ഹൈക്കോടതിയുടെയും ഉത്തരവുകളുണ്ടായിട്ടും ബഹുനില കെട്ടിടം പണിത വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്. പത്തനംതിട്ട സ്വദേശി ഇസ്മായിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അനധികൃത നിർമ്മാണമല്ല നിലവിലെ കെട്ടിടം വിപുലീകരിക്കുക മാത്രമാണ് ഉണ്ടായതെന്നായിരുന്നു ഉടമയുടെ വാദം.

click me!