
മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറിയുടെ നമ്പറുകള്‍ മറയാക്കി ജില്ലയില്‍ അനധികൃത എഴുത്തുലോട്ടറി വ്യാപകമാകുന്നു. പത്ത് രൂപ മുടക്കി പരമാവധി 5000 രൂപ വരെ നേടാമെന്ന വാഗ്ദാനമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ലോട്ടറി സ്റ്റാളുകള്‍ കേന്ദ്രീകരിച്ചും സാമൂഹികമാധ്യമങ്ങള്‍ വഴിയും നടക്കുന്ന ഇടപാടുകള്‍ നിയന്ത്രിക്കാന്‍ പരിശോധന ശക്തമല്ലെന്ന ആക്ഷേപവും ഉയരുന്നു.
സംസ്ഥാന ഭാഗ്യക്കുറിയുടെ അതത് ദിവസത്തെ നറുക്കെടുപ്പ് ഫലത്തിലെ അവസാന മൂന്ന് അക്കങ്ങള്‍ അടിസ്ഥാനമാക്കിയാണ് പല കേന്ദ്രങ്ങളിലും എഴുത്തുലോട്ടറി നടത്തുന്നത്. നറുക്കെടുപ്പിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള മൂന്ന് അക്ക നമ്പര്‍ തിരഞ്ഞെടുക്കാം. നമ്പര്‍ സമ്മാനാര്‍ഹമായാല്‍ പണമായി തുക നല്‍കുന്നതാണ് രീതി. ചില കേന്ദ്രങ്ങളില്‍ അവസാന നാലക്കത്തിനും സമ്മാനം നിശ്ചയിക്കുന്നുണ്ട്.
പത്ത് രൂപയുടെ ടിക്കറ്റില്‍ ഒന്നാം സമ്മാനം 5000 രൂപയാണ്. 500, 250, 100, 50, 20 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. ഒരാള്‍ ഒരേ നമ്പറിന് ഒന്നിലധികം 'ടിക്കറ്റുകള്‍' എടുക്കുന്ന രീതിയും വ്യാപകമാണ്. പത്ത് രൂപ വീതം പത്ത് ടിക്കറ്റെടുത്ത് ഒന്നാം സമ്മാനം ലഭിച്ചാല്‍ 50,000 രൂപ വരെ ലഭിക്കുമെന്നതാണ് ഇടപാടുകാരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.
വാട്സാപ്, ടെലഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇടപാടുകള്‍ കൂടുതലായി നടക്കുന്നത്. നേരിട്ട് ഏജന്റുമാരെ സമീപിച്ച് പണം നല്‍കി നമ്പര്‍ എടുക്കുന്നവരുമുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞ് അധികം വൈകാതെ സമ്മാനത്തുക കൈമാറുന്നതും ഈ സംവിധാനത്തിന്റെ ആകര്‍ഷണമായി മാറുന്നു. ഇടപാടുകളില്‍ ഏജന്റുമാര്‍ക്ക് ലഭിക്കുന്ന കമ്മിഷനും സമാന്തര ലോട്ടറി ശൃംഖല വ്യാപിക്കാന്‍ കാരണമാകുന്നു.
സര്‍ക്കാര്‍ ലോട്ടറി സംവിധാനത്തിന് പുറത്താണ് ഇടപാടുകള്‍ നടക്കുന്നത് എന്നതാണ് പ്രധാന ആശങ്ക. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം മാത്രം ഉപയോഗിക്കുന്നതിനാല്‍ അനധികൃത ലോട്ടറി നടത്തുന്ന സംഘങ്ങള്‍ക്ക് സ്വന്തം നിലയില്‍ നറുക്കെടുപ്പ് നടത്തേണ്ടതില്ല. ഇതോടെ ഉപഭോക്താക്കളുടെ പണം കൈമാറുന്നതും സമ്മാനത്തുക വിതരണം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഔദ്യോഗിക നിയന്ത്രണം ഉണ്ടാകുന്നില്ല.
അംഗീകൃത ലോട്ടറി വില്‍പന കേന്ദ്രങ്ങളില്‍ പോലും ഇത്തരം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന പരാതികളാണ് ഉയരുന്നത്. അനധികൃത എഴുത്തുലോട്ടറി കണ്ടെത്തി നടപടി സ്വീകരിക്കേണ്ട സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് വ്യാപനത്തിന് വഴിയൊരുക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്. മുമ്പ് ജില്ലാതലത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി നിരീക്ഷണ സംവിധാനങ്ങള്‍ രൂപീകരിച്ചിരുന്നെങ്കിലും നിലവില്‍ പരിശോധനകള്‍ സജീവമല്ലെന്നാണ് പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam