
തൊടുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയിൽ രാത്രി 12ന് ശേഷം കടകൾ അടയ്ക്കണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ ഒരുവിഭാഗം വ്യാപാരികൾ. പൊലീസിൻ്റേത് ഏകപക്ഷീയമായ തീരുമാനമെന്നും രാത്രിയാത്രക്കാർക്കുൾപ്പെടെ തിരിച്ചടിയെന്നുമാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഒരുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് രാത്രി നിയന്ത്രണം നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്.
തൊടുപുഴ കേന്ദ്രീകരിച്ച് ലഹരി വ്യാപനം കൂടുന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ രാത്രികാല നിയന്ത്രണം പൊലീസ് കടുപ്പിക്കുന്നത്. രാത്രി 12 വരെ മാത്രമേ, ഹോട്ടലുകളും തട്ടുകടകളും ചായക്കടകളുമൊക്കെ പ്രവർത്തിക്കാവൂ എന്നാണ് നിർദ്ദേശം. ഇവിടങ്ങളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെയുളളവരുടെ വിവരങ്ങൾ പ്രത്യേകം സൂക്ഷിച്ച് പ്രവർത്തനങ്ങൾ നിരീക്ഷിക്കും. രാത്രി വൈകിയും തുറന്നിരിക്കുന്ന ചില കടകൾ കേന്ദ്രീകരിച്ച് ലഹരികൈമാറ്റം യുവാക്കൾക്കിടയിൽ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരുമാസത്തേക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വ്യാപാരികളുടെയും നഗരസഭയുടെയും പൂർണ പിന്തുണയുണ്ടെന്നാണ് പൊലീസ് വിശദീകരണം. ബലം പ്രയോഗിച്ച് കടകളടപ്പിക്കില്ലെന്നും പൊലീസ് അറിയിച്ചു.
എന്നാൽ രാത്രികാലങ്ങളിൽ നഗരത്തിലെത്തിപ്പെടുന്ന വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് തീരുമാനം തിരിച്ചടിയെന്നാണ് ഹോട്ടലുടമകളുടെയും വ്യാപാരികളുടെയും വാദം. രാത്രി പ്രവർത്തിക്കുന്ന കടകയുടമകളുടെ നിലപാട് കേൾക്കാതെയാണ് പൊലീസ് നടപടിയെന്നാണ് വിമർശനം. രാത്രി 12 മുതൽ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. നഗരത്തോട് ചേർന്നുള്ള കോളേജ് വിദ്യാർത്ഥികളുൾപ്പെടെ ലഹരി വലയത്തിൽ അകപ്പെടുന്നത് തടയാനെന്ന് പൊലീസ് ആവർത്തിക്കുന്നു. എന്നാൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയല്ല, പകരം പൊലീസ് പട്രോളിംഗ് ഊർജ്ജിതമാക്കുകയാണ് തൊടുപുഴയിൽ വേണ്ടതെന്നാണ് ഇടത് സംഘടനകളുടെ നിലപാട്. കടകൾ അടപ്പിച്ചാൽ രാത്രികാല ചായക്കട തുടങ്ങി പ്രതിരോധം തീർക്കാനാണ് ഡിവൈഎഫൈ ഉൾപ്പെടെയുള്ള യുവജനസംഘടനകളുടെ ആലോചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam