
ചേർത്തല: ആലപ്പുഴയില്‍ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് 20 ലക്ഷത്തോളം രൂപ വില വരുന്ന സ്പിരിറ്റ് പിടികൂടി. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ. ആനന്തകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ചേർത്തല റയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത മിനി ബസിൽ നിന്നാണ് 1750 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. ഇന്ന് പുലർച്ചെ ഒരു മണിയ്ക്കായിരുന്നു സംഭവം.
ആളൊഴിഞ്ഞ സ്ഥലത്ത് മിനി ബസ് പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് സംഘം പരിശോധനയ്ക്കായി എത്തിയപ്പോൾ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശിങ്കാരി മേളം എന്ന ബോർഡ് വച്ച മിനി ബസിൽ പ്രോഗ്രാം ലെഗ്ഗേജ് എന്ന വ്യാജേനയാണ് സ്പിരിറ്റ്‌കടത്താനുപയോഗിച്ചത്.
എക്സൈസ് സി.ഐ. ആർ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൊട്ടിയ എട്ട് ചെണ്ടകൾക്കുള്ളിലും ഡിക്കിയിലുമായി 50 കന്നാസുകളിലായി സ്പിരിറ്റ് കണ്ടെത്തിയത്. വാഹനവും തൊണ്ടിമുതലും ചേർത്തല എക്സൈസ് റേയ്ഞ്ച് ഓഫീസിന് കൈമാറി. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അന്വഷണം ആരംഭിച്ചെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും സി.ഐ ബിജുകുമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam