
ആലപ്പുഴ: സഹകരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണലിലെ ജഡ്ജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോൺ തിരിച്ചടവിൽ പലിശ കുറയ്ക്കാമെന്ന പേരിൽ പണം തട്ടിയ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. കണ്ണൂർ ചിറക്കൽ കവിതാലയം വീട്ടിൽ ജിഗീഷ് (40), ആലപ്പുഴ മാന്നാർ അച്ചത്തറ വടക്കേതിൽ സുമേഷ് എസ് (36) എന്നിവരാണ് പിടിയിലായത്. വെഞ്ഞാറമൂട്ടിലെ ഒരു പ്രവാസിയുടെ കൈയിൽ നിന്ന് ഏകദേശം നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിരുന്നു. പ്രതികൾ ആലപ്പുഴയിൽ വന്നു പോകുന്ന വിവരം ലഭിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടറുടെ നിര്‍ദേശപ്രകാരം ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം കെ രാജേഷ് നേതൃത്വത്തിലുള്ള സംഘം കാട്ടൂർ ഭാഗത്തെ വീട്ടിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.
ജിഗീഷ് ജഡ്ജായും, സുമേഷ് ഡ്രൈവർ ആണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികളുടെ വീട്ടിൽ നിന്ന് 88,000 രൂപ, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ തുടങ്ങിയവ പൊലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ ആലപ്പുഴയിലെ രാമങ്കരി, പുളിങ്കുന്ന്, എടത്വ സ്റ്റേഷനുകളിലും, സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുമായി 17 കേസുകൾ നിലവിലുണ്ട്. പുതിതായി എട്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓൺലൈൻ ട്രേഡിംഗിൽ വമ്പൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 22.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വിരുദുനഗർ ജില്ലയിലെ അരിപ്പുക്കോട്ടൈ സ്വദേശിയായ ഡി ഹരിദാസ് (43) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ വകുപ്പ് പ്രതിയെ തടയുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം