
കൊച്ചി: ആലുവ ശിവരാത്രിയോടനുബന്ധിച്ച് ഫെബ്രുവരി 15ന് വൈകുന്നേരം 4 മണി മുതൽ 16ന് ഉച്ചയ്ക്ക് 2 മണി വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി.സി.ഡി.എ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുൻപിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.
മണപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം മൈതാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. (വൺ വേ ട്രാഫിക്ക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ്സുകൾ മറ്റ് പ്രൈവറ്റ് വാഹനങ്ങൾ എന്നിവ ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം (വൺ വേ ട്രാഫിക്ക് ആയിരിക്കും). തോട്ടയ്ക്കാട്ടുക്കര ജംഗ്ഷനിൽ നിന്നും മണപ്പുറത്തേക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും വരുന്ന സർവീസ് ബസ്സുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും, ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർ കവല. യു.സി കോളേജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണമെന്നും അറിയിപ്പ്.
അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും എൻ.എച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും തിരികെ ബാങ്ക് ജംഗ്ഷൻ - ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാഡിൽ എത്തി പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തേണ്ടതും, തിരികെ ബാങ്ക് ജംഗ്ഷൻ - ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ, പസ് ജംഗ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള തത്കാലിക സ്റ്റാൻഡിൽ എത്തി, അവിടെ നിന്നും തിരികെ സർവീസ് നടത്തേണ്ടതാണ്. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ, ഡി.പി.ഒ ജംഗ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെ നിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവീസ് റോഡിലൂടെ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവൺമെൻ്റ് ഹോസ്പിറ്റൽ, റെയിൽവേ സ്ക്വയർ പമ്പ് ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
15 രാത്രി 8 മുതൽ 16 ഉച്ചക്ക് 2 മണി വരെ ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. 15 രാത്രി 8 മുതൽ എൻ.എച്ച് ഭാഗത്തു നിന്നും ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി, ഗവൺമെൻ്റ് ഹോസ്പിറ്റൽ വഴി പോകേണ്ടതും, പെരുമ്പാവൂർ ഭാഗത്തു നിന്നും ടൗൺ വഴി എൻ.എച്ച്ലേക്ക് പോകേണ്ട വാഹനങ്ങൾ മാത ജംഗ്ഷൻ, സീനത്ത്, ഡി.പി.ഒ ജംഗ്ഷൻ, ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്.
ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവിൽ നിന്നും, മണപ്പുറത്തേക്ക് പാലത്തിലൂടെ മാത്രമേ സഞ്ചാരിക്കുന്നതിന് അനുവദിച്ചിട്ടുള്ളു. കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല. 15 രാത്രി 10 മണി മുതൽ 16 പകൽ 10 മണിവരെ തൃശൂർ ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ അങ്കമാലിയിൽ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ 15 രാത്രി 10 മണി മുതൽ 16 പകൽ 10 മണി വരെ കളമശ്ശേരിയിൽ നിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംഗ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്. എൻ.എച്ച്ൻ്റെ ഇരുവശത്തും യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ലെന്നും അറിയിപ്പ്.
പാർക്കിംഗ് ക്രമീകരണങ്ങൾ
മണപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും, സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട് (വൺ വേ ട്രാഫിക്ക് ആയിരിക്കും).
അങ്കമാലി, നോർത്ത് പറവൂർ, എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് സെമിനാരിപ്പടിക്ക് സമീപം എൻ.എച്ച്ന് ഇരുവശത്തുമുള്ള വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
മണപ്പുറത്ത് വരുന്ന മോട്ടോർ സൈക്കിൾ ഉൾപ്പടെയുള്ള സ്വകാര്യ വാഹനങ്ങൾ തോട്ടക്കാട്ടുകര ജംഗ്ഷന് സമീപമുള്ള സെൻ്റ്. ആൻസ് പള്ളിയുടെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്തിട്ടുള്ളതാണ്.
പെരുമ്പാവുർ, പുക്കാട്ടുപടി, ആലുവ എറണാകുളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും വരുന്ന സ്വകാര്യ വാഹനങ്ങൾക്കു് പാർക്ക് ചെയ്യുന്നതിനായി ആലുവ പമ്പ് ജംഗ്ഷന് സമീപമുള്ള ജീവാസ് സ്ക്കൂൾ ഗ്രൗണ്ടിലും, ആലുവ സിവിൽ സ്റ്റേഷനു സമീപം വരുന്ന ഗവ: ബോയ്സ് ഹൈ സ്ക്കൂൾ ഗ്രൗണ്ടിലും, ഗുഡ് ഷെഡ് റോഡിനു അരികിലും വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്തിട്ടുള്ളതാണ്.
പറവൂർ, വരാപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ യു.സി കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പെരുമ്പാവൂർ,എടത്തല പൂക്കാട്ടുപ്പടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ആലുവ വിദ്യാധിരാജ ഹയർ സെക്കണ്ടറി സ്ക്കൂളിലും ആലുവ സെൻ്റ് മേരീസ് സ്ക്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
പാർക്കിംഗ് തികച്ചും സൗജന്യമാണ്. അനധികൃതമായി റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ട്രാഫിക്ക് പോലീസ് സ്റ്റിക്കർ പതിപ്പിച്ച് തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
ശിവരാത്രിയോടനുബന്ധിച്ച് തിരക്കിൽപ്പെട്ട് അനിഷ്ട സംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും താഴെ പറയുന്ന ക്രമീകരണങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്.
പാലസ് ഭാഗത്തുനിന്നും നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് പേകേണ്ടവർ പാലസിന് സമീപം ഉള്ള കൊട്ടാരം കടവ് റോഡ് വഴി പാലത്തിൻ്റെ കിഴക്കെ ട്രാക്കിലൂടെ മണപ്പുറത്തേക്ക് പേകേണ്ടതാണ്. അതുപോലെ തന്നെ മണപ്പുറത്തു നിന്നും. തിരികെ പേകേണ്ടവർ നടപാലത്തിൻ്റെ പടിഞ്ഞാറെ ട്രാക്കു വഴിയും പോകേണ്ടതാണ്. എന്നാൽ 15 ന് രാത്രി 10 മണി മുതൽ തിരക്ക് കൂടുതലുള്ള സമയങ്ങളിൽ മണപ്പുറത്തു നിന്നും തിരികെ പോകുന്നവർ നടപാലത്തിൻ്റെ പടിഞ്ഞാറെ ട്രാക്കിലൂടെ വന്ന് പെരിയാറിൻ്റെ തീരത്തുള്ള റോഡിലൂടെ മുൻസിപ്പൽ പാർക്കു റോഡ് വഴി പുറത്തേക്ക് പോകേണ്ടതുമാണ്.
മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും, 50 മീറ്റൽ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല.കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംഗ് നടത്തുന്നതാണ്.
ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കല്ഴ ഓഫീസേഴ്സിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്. മോഷ്ടാക്കളേയും, റൗഡികളേയും മറ്റും നിരീക്ഷിക്കുന്നതിനായി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളതാണ്.
ആലുവ റെയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്,' പ്രത്യേകമായി പോലീസ് ടീമിനെ വിന്യസിക്കുന്നതാണ്.ശിവരാത്രി മണപ്പുറവും പരിസരവും ഡ്രോൺ ക്യാമറ നിരീക്ഷണ വലയത്തിലാണ്.
പ്രധാനപ്പെട്ട ജംഗ്ഷനുകളിലും , തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, ക്യാമറ മുഴുവൻ സമയം നിരീക്ഷിക്കുന്നതുമാണ്. കൂടാതെ സദാസമയവും, ജാഗരൂകരായ പോലീസ് ഉദ്യോഗസ്ഥർ വാച്ച് ടവറുകളിൽ നിലയുറപ്പിച്ചിട്ടുള്ളതാണ്.
നടപ്പാലത്തിലൂടെ ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന ഭക്തജനങ്ങൾ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam