
കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ മാലയും പാദസരവും മോഷണം പോയതായി പരാതി. ഒന്നര പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മലയിടംതുരുത്ത് സ്വദേശി അംജദിന്റെ കുഞ്ഞിന്റെ ആഭരണങ്ങളാണ് കവർന്നത്. സംഭവത്തിൽ അംജദ് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും 4.30നും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. പുലർച്ചെ രണ്ട് മണിയോടെ നഴ്സ് എത്തി കുഞ്ഞിന് നെബുലൈസേഷൻ നൽകിയിരുന്നു.
തുടർന്ന് 4.30ന് കുഞ്ഞിന്റെ മാതാവ് ഉണർന്ന് ശുചിമുറിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. വാർഡിന് പുറത്ത് സെക്യൂരിറ്റി ജീവനക്കാരനും സിസിടിവി ക്യാമറകളും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മോഷണവുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് നിർദേശപ്രകാരം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ജോസഫ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam