
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ സ്ലാബില്ലാത്ത അഴുക്കുചാലില്‍ ഇന്നോവ കാര്‍ പതിച്ച് അപകടം. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. കാറില്‍ സഞ്ചരിച്ച കുറ്റ്യാടി സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി ചുങ്കം മിച്ചഭൂമി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. താമരശേരി ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന കുറ്റ്യാടി സ്വാദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ അഞ്ച് കൊച്ചു കുട്ടികൾ അടക്കം പത്ത് പേർ ഉണ്ടായിരുന്നു. അഴുക്കു ചാല്‍ റോഡിന് സമാനമായി പോകുന്നതിനാൽ റോഡിൽ നിന്ന് ടയർ അൽപ്പം തെറ്റിയാൽ പോലും വാഹനം കുഴിയിൽ പതിക്കുന്ന അവസ്ഥയാണ്. ഏതാനും ദിവസം മുമ്പ് ഇതേ റോഡിൽ ചുങ്കം ജംഗ്ഷന് സ്ഥലത്തിന് സമീപം സമാനമായി കാറ് ഓവുചാലിൽ പതിച്ച് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് ഇന്നോവ അപകടത്തിൽപ്പെട്ടത്.
യാതൊരു സുരക്ഷയുമില്ലാതെ അശാസ്ത്രീയമായി നടക്കുന്ന റോഡ് നവീകരണത്തിനെതിരെ വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നേരിട്ടും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. അതേസമയം, തൃശൂര്‍ പട്ടിക്കാട് ദേശീയ പാതയിൽ കമ്പി കയറ്റി വന്ന ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.
മുവാറ്റുപുഴ പുഴ സ്വദേശി സോജിക്കെതിരെ മനപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് പീച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം ഉണ്ടാക്കുന്ന വിധം ലോറി ദേശീയ പാതയിൽ നിർത്തിയിട്ടതിനും അറ്റൻഡർ ഇല്ലാതെ ഗുഡ്സുമായി ഹെവി വെഹിക്കിൾ റോഡിൽ ഇറക്കിയതിനും, സുരക്ഷിതമല്ലാത്ത രീതിയിൽ കമ്പി ലോഡ് ചെയ്തതിനുമാണ് ഡ്രൈവർക്ക് എതിരെ നടപടി.