മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്ത് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി ആൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഒരു മാസത്തിലേറെയായി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കാക്കരിയിൽ വീട്ടിൽ ബാസ്റ്റിൻ (39) ആണ് അർത്തുങ്കൽ പൊലീസിന്‍റെ പിടിയിലായത്. മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്ത് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി ആൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ, ഡി സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബെൻസി പീറ്റർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതേസമയം, പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ കോടതി 16 വർഷം കഠിന തടവ് ശിക്ഷിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 2020 മാർച്ച് മാസത്തിലാണ് സംഭവം. കുന്നംകുളം സ്വദേശി ഫലാൽ മോനാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ ഫലാൽ മോൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ജഡ്ജി ലിഷ എസ് ശിക്ഷ വിധിച്ചത്. 60000 രൂപ പ്രതി പിഴയടക്കാനും ശിക്ഷാ വിധിയിൽ പറയുന്നു.

ക്ലാസ്സ്‌ കഴിഞ്ഞ് പെൺകുട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. 24 കാരനാണ് പ്രതി. സംഭവ ദിവസം ഗുരുവായൂരിലെ ലോഡ്ജിലേക്ക് സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്ന വിവരം ഗുരുവായൂർ ടെമ്പിൾ പൊലീസിന് ലഭിച്ചു. പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഫലാൽ മോനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 37 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു. 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് ബിനോയിയും അഡ്വ. അമൃതയും ഹാജരായി.