
ഇടുക്കി: മൂന്നാര്‍ കെ ഡി എച്ച് വില്ലേജില്‍ കെ എസ് ഇ ബി ഭൂമിയില്‍ വ്യാപക കയ്യേറ്റമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍സ് ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട്. കയ്യേറ്റത്തിനൊപ്പം നിയമ വിരുദ്ധമായി ഡെപ്യൂട്ടി തഹസില്‍ദാര്‍ പതിനേഴ് പട്ടയങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വന്‍കിട കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോളാണ്, ജില്ലയില്‍ നിന്നുള്ള മന്ത്രി തന്നെ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍, കെ എസ് ഇ ബിയുടെ ഭൂമിയില്‍ വ്യാപകമായി കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും നടക്കുന്നത്. സര്‍വ്വേ നമ്പര്‍ 843 എ, 843 ബീ, 922 എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ഥലത്താണ് വ്യാപക കയ്യേറ്റം നടന്നിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഈ സര്‍വ്വേ നമ്പറുകളില്‍ കെ എസ് ഇ ബിയുടേതല്ലാതെ മറ്റൊരു ഭൂമിയും റവന്യൂ രേഖകളില്ല.
ഇവിടെ അമ്പത്തിയാറ് കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതോടൊപ്പം തന്നെ കെ ഡി എച്ച് വില്ലേജില്‍ പട്ടയം നല്‍കുന്നതിന് ജില്ലാ കളക്ടര്‍ക്കും സര്‍ക്കാരിനും മാത്രമാണ് അധികാരമുള്ളതെന്നിരിക്കെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പതിനേഴ് പട്ടയങ്ങള്‍ നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 77 മുതല്‍ തൊണ്ണൂറ്റി ഒമ്പത് വരെയുള്ള കാലയളവിലാണ് പട്ടയം നല്‍കിയിരിക്കുന്നത്. രണ്ടായിരത്തിന് ശേഷമാണ് ഭൂമിയില്‍ വ്യാപകമായി കയ്യേറ്റം നടന്നിരിക്കുന്നത്.
കയ്യേറിയതും അനധികൃതമായി പട്ടയം നല്‍കിയതുമായ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് നമ്പറും നല്‍കിയിട്ടുണ്ട്. രണ്ടായിരത്തി പതിനാറില്‍ സ്വകാര്യ വ്യക്തി വിജിലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി യൂണിറ്റ് അന്വേഷണം നത്തിയത്. തുടര്‍ന്ന് രണ്ടായിരത്തി പതിനേഴ് ഡിസംബറില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും കയ്യേറ്റം ഒഴുപ്പിക്കുന്നതിനും സര്‍ക്കാര്‍ വകുപ്പിന്‍റെ കീഴിലുള്ള ഭൂമി തിരിച്ച് പിടിക്കുന്നതിനും ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam