
തൃശൂർ: ഇരിങ്ങാലക്കുട മാർക്കറ്റിൽ അതിഥി തൊഴിലാളികളുടെ ബാഹുല്യം നാട്ടുകാർക്ക് ശല്യമാകുന്നതായി പരാതി. ഇരിങ്ങാലക്കുട മാർക്കറ്റിലെ കശാപ്പുശാലകളിലും, കോഴിക്കടകളിലും നിർമ്മാണ മേഖലയിലും ഏർപ്പെട്ടിരിക്കുന്നവരുമാണ് ഇവരിൽ ഏറെയും. മിക്കവാറും ദിവസങ്ങളിൽ മാർക്കറ്റിൽ അതിഥി തൊഴിലാളികൾ തമ്മിൽ അടിപിടിയുണ്ടാകാറുണ്ട്. ഇത് തടയാനെത്തുന്നവരോടാണ് പിന്നീട് ഇവരുടെ പരാക്രമം. മാർക്കറ്റിലെ നഗരസഭയുടെ കച്ചവടങ്ങൾക്കായി നൽകിയിട്ടുള്ള കെട്ടിടങ്ങളിലാണ് ഇവരുടെ അനധികൃത താമസം. ഇവർ പരിസര വാസികൾക്ക് ഏറെ ശല്യമാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
മദ്യവും മറ്റു ലഹരിക്കും അടിമകളായ ഇവരിൽ പലരെയും കുറിച്ച് ജോലി ചെയ്യിപ്പിക്കുന്ന ഉടമസ്ഥരുടെ പക്കൽ കൃത്യമായ വിവരങ്ങൾ ഇല്ല എന്നുള്ളതാണ് ഏറെ ദുരൂഹതകൾക്ക് ഇടയാക്കുന്നത്. പലരും ക്രിമിനൽ സ്വഭാവമുള്ളവരാണെന്നാണ് പരിസരവാസികൾ പറയുന്നത്. കുറച്ചു നാൾ മുമ്പ് ഒരു കൊലപാതക കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് മാർക്കറ്റിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന നഗരസഭാ കെട്ടിടത്തിൽ നിന്നാണ്. യുവാവിന്റെ മരണത്തെ തുടർന്ന് പൊലീസ് പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയപ്പോഴാണ് പ്രതിയായ ആൾ ഇരിങ്ങാലക്കുട മാർക്കറ്റിലെ കെട്ടിടത്തിൽ ഉണ്ടെന്നു മനസിലായതും പിടികൂടിയതും.
മാർക്കറ്റിൽ കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്. ഇവർക്കായി വൻ ലഹരി മാഫിയകളാണ് പ്രവർത്തിക്കുന്നത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നതും മാർക്കറ്റിലെ തന്നെ ചില കച്ചവടക്കാരാണെന്നും പറയുന്നു. മാർക്കറ്റിൽ ജോലി ചെയ്യുന്ന പല അതിഥി തൊഴിലാളികളെ സംബന്ധിച്ച് പൊലീസ് സ്റ്റേഷനിലും യാതൊരു വിവരവുമില്ല. ഇത്തരം സംഭവങ്ങൾ അരങ്ങേറിയതോടെ മാർക്കറ്റിന് സമീപത്ത് താമസിക്കുന്നവർ ഏറെ ഭീതിയിലാണ്. ഇതു സംബന്ധിച്ച് നഗരസഭാ അധികൃതർക്കും മറ്റും പരിസരവാസികൾ പരാതി നൽകിയിട്ടുണ്ട്. പരാതികൾ ഉയർന്നതോടെ ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നതടക്കമുള്ള നടപടികൾ പൊലീസ് സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam