ഡിജിപിമാരുടെ വിരമിക്കല്‍ ചടങ്ങിലെ ആചാര വെടിയില്‍ അച്ചടക്ക ലംഘനം, പൊലീസുകാര്‍ക്കെതിരെ നടപടി

By Web TeamFirst Published Jun 1, 2023, 3:29 PM IST
Highlights

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ കമാന്‍ഡില്‍ വിവിധ പ്ലറ്റൂണുകള്‍ ആചാര വെടി മുഴക്കുമ്പോള്‍ വനിതാ ബറ്റാലിയന്‍റെ ആചാര വെടിക്ക് ശബ്ദമില്ലാതെ പോയത് ചടങ്ങില്‍ കല്ലുകടിയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ഡിജിപിമാരുടെ  വിരമിക്കൽ ചടങ്ങിൽ ആകാശത്തേക്ക് വെടി ഉതിർക്കാൻ തോക്ക് ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ 35 വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരാഴ്ച ശിക്ഷാ നടപടിയുടെ ഭാഗമായി പരിശീലനം നൽകാൻ നിർദേശം. ഇതിനായി തൃശൂർ പൊലീസ് അക്കാദമിയിലെ കോഴ്സിൽ പങ്കെടുക്കണമെന്നാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്. തോക്ക് ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള പരിശീലനം ആണ് ശിക്ഷാ നടപടിയുടെ ഭാഗമായി നൽകുന്നത്. 

സർവീസിൽ നിന്ന് വിരമിക്കുന്ന ഡി.ജി.പിമാരായ ഡോ. ബി. സന്ധ്യക്കും എസ്. ആനന്ദകൃഷ്ണനും ഇന്നലെ രാവിലെ എസ്.എ.പി. ഗ്രൗണ്ടിൽ നൽകിയ യാത്രയയപ്പ് പരേഡിൽ പങ്കെടുത്ത വനിത ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് ആണ് പുനർ പരിശീലനം നൽകുന്നത്. യാത്രയയപ്പിൻ്റെ ഭാഗമായി വിവിധ പ്ലറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങിൽ വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് വെടി പൊട്ടാതിരുന്നതാണ് ശിക്ഷാ നടപടികൾക്ക് കാരണം. എസ്.ആനന്ദകൃഷ്ണനു നൽകിയ യാത്ര അയപ്പ് ചടങ്ങിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് വെടി പൊട്ടിയിരുന്നില്ല. തുടർന്ന് ബി.സന്ധ്യക്ക് നലിയ യാത്രയയപ്പ് ചടങ്ങിലും മുപ്പതംഗ വനിതാ പ്ലറ്റൂണിന്റെ വെടിയുതിർക്കലിൽ അസ്വാഭാവികതയുണ്ടായി എന്നും ചിലരുടെ തോക്കിൽ നിന്ന് വെടി പോട്ടിയുമില്ല എന്നാണ് വിലയിരുത്തൽ. 

വിരമിക്കല്‍ പരേഡില്‍ ആറാം ബറ്റാലിയന്‍ പൊലീസുകാര്‍ വെടി പൊട്ടിക്കാന്‍ മടികാണിച്ചുവെന്നാണ നിരീക്ഷണം. വെടി പൊട്ടിക്കാനായി നല്‍കിയ തിരകളില്‍ ഏറിയ പങ്കും ഉപയോഗിക്കാത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് വനിതാ ബറ്റാലിയനിലെ പൊലീസുകാര്‍ക്ക്  പരിശീലനം നല്‍കാന്‍ തീരുമാനമായത്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ കമാന്‍ഡില്‍ വിവിധ പ്ലറ്റൂണുകള്‍ ആചാര വെടി മുഴക്കുമ്പോള്‍ വനിതാ ബറ്റാലിയന്‍റെ ആചാര വെടിക്ക് ശബ്ദമില്ലാതെ പോയത് ചടങ്ങില്‍ കല്ലുകടിയായിരുന്നു. ഡിജിപിമാരായ എസ് ആനന്ദകൃഷ്ണന്‍, ബി സന്ധ്യ എന്നിവര്‍ക്ക് ബുധനാഴ്ച രാവിലെയാണ് എസ്എപി ഗ്രൌണ്ടില്‍ വച്ച് പരേഡ് നല്‍കിയത്. വനിതാ ബറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥരുടെ തോക്കില്‍ നിന്ന് മാത്രമാണ് വെടി പൊട്ടിയത്. രണ്ട് ഡിജിപിമാരുടെ യാത്രയയപ്പ് ചടങ്ങിനിടയിലും അസ്വഭാവികതയുണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!