കായംകുളം നഗരസഭാ ഭരണകക്ഷിയില്‍ പൊട്ടിത്തെറി; രാജിക്കൊരുങ്ങി സിപിഎം കൗണ്‍സിലര്‍മാര്‍

By Web TeamFirst Published Jun 6, 2020, 1:19 PM IST
Highlights

അഞ്ച് പേരുടെ രാജി സന്നദ്ധതയും നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡറെ സസ്പെൻഡ് ചെയ്തതും കൗൺസിലിനുള്ളിൽ ഭരണനേതൃത്വത്തിന് വൻതിരിച്ചടിയാകും. 


കായംകുളം: കായംകുളം നഗരസഭയിലെ ഭരണകക്ഷിയിൽ പൊട്ടിത്തെറി. സിപിഎം കാരായ അ‍ഞ്ച് നഗരസഭ കൗൺസിലർമാർ രാജിക്കൊരുങ്ങുന്നു. രാജിവയ്ക്കാന്‍
അനുമതി തേടിജില്ലാസെക്രട്ടറിക്ക് ഇവര്‍ കത്തുനൽകി. നഗരസഭയിലെ അഴിമതിക്കെതിരെ പ്രതികരിച്ചതിന് അച്ചടക്കനടപടിക്ക് വിധേയരായവരാണ് സിപിഎം ജില്ലനേതൃത്വത്തിന് കത്ത് നൽകിയത്.

അഞ്ച് പേരുടെ രാജി സന്നദ്ധതയും നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡറെ സസ്പെൻഡ് ചെയ്തതും കൗൺസിലിനുള്ളിൽ ഭരണനേതൃത്വത്തിന് വൻതിരിച്ചടിയാകും. കൗൺസിലറും ലോക്കൽ കമ്മിറ്റി അംഗവും ഫ്രാക്ഷൻ ലീഡറുമായ എ. അബ്ദുൽ ജലീൽ, ബ്രാഞ്ച് സെക്രട്ടറി കൂടിയായ അബ്ദുൽ മനാഫ്, റജില നാസർ, അനിത ഷാജി, സുഷമ അജയൻ എന്നിവരാണ് കൗൺസിലർ സ്ഥാനം രാജിവെക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സി പി എം ജില്ല സെക്രട്ടറി ആർ. നാസറിന് നൽകിയത്.

നഗര ഭരണത്തിലെ നിരവധി അഴിമതികൾ ചൂണ്ടികാട്ടുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തതാണ്തങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ കാരണമെന്നാണ് ഇവരുടെ ആരോപണം. ഗവണ്‍മെന്‍റ് ഐടിഐക്കായി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന കെ.പി.റോഡിൽ റെയിൽവേ മേൽപ്പാലത്തിനു കിഴക്കുവശത്തുള്ള സ്ഥലത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിട നിർമാണ അനുമതി നൽകിയത്, സ്വകാര്യവാഹന സ്റ്റാന്‍റ് നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന സ്ഥലം മാസ്റ്റർ പ്ലാനിൽ നിന്ന് ഒഴിവാക്കിയത്, ഗോകുലം ഗ്രൗണ്ട് ടൂറിസം സോണിൽ നിന്ന് ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. 

എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത കൗൺസിലാണ് കായംകുളത്തേത്. രാജി സന്നദ്ധത പ്രകടിപ്പിച്ച കൗൺസിലർമാർ ഗരസഭയിൽ ഭരണ നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചാൽ നിർണായക തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ  വരുമെന്ന് മാത്രമല്ല ഭരണം നഷ്ടടമാകുന്ന സ്ഥിതിയുമുണ്ടാകും. സിപിഎം ജില്ല കമ്മിറ്റി അംഗമാണ്  നഗരസഭ ചെയർമാൻ എൻ ശിവദാസൻ. ഇദ്ദേഹത്തിനെതിരെയുള്ള നിലപാടാണ് ആറു പേരുടെ നടപടിക്ക് കാരണമായത്.  

ചെയർമാനെ ഒരു കാരണവശാലും പിന്തുണക്കില്ലെന്നാണ് നടപടിക്ക് വിധേയരായവർ പറയുന്നത്. ഇതിനിടെ രണ്ടാമതും കൂടിയ ഏരിയ കമ്മിറ്റി അബ്ദുൽ ജലീലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതോടെ വിഷയം വീണ്ടും രൂക്ഷമാകുകയാണ്. അബ്ദുൽ മനാഫ്, അനിത, സുഷമ, റജില, എന്നിവരെ താക്കീത് ചെയ്യാനും വ്യാഴാഴ്ച കൂടിയ ഏരിയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഏരിയ കമ്മിറ്റി അംഗമായ കേശുനാഥിനെ ഒരുവർഷത്തേക്ക് സസ്പെൻറ് ചെയ്യാൻ ജില്ലാ കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു. മറ്റുള്ളവർക്കെതിരെയുള്ള നടപടി അവരവരുടെ ഘടകങ്ങളിലേക്കാണ് ശുപാർശ ചെയ്തത്.
 

click me!