
തൃശൂർ: മോഷണം പോയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി യുവതി. തന്റെ അന്വേഷണാത്മക ബുദ്ധിയോടെയാണ് യുവതി തന്റെ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തി തിരികെ വാങ്ങിയത്. തൃശൂർ മാളയിലാണ് 23 കാരി ജസ്നയുടെ മൊബൈൽ ഫോൺ മോഷണം പോയത്.
ഇതേസമയം തൊട്ടടുത്ത വീട്ടിലെയും മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഇതോടെ മേഷ്ടാവിനെ കണ്ടെത്തണമെന്ന് ജസ്ന ഉറപ്പിച്ചു. ചുറ്റുവട്ടത്തെല്ലാം അന്വേഷിച്ചു. അപ്പോഴാണ് മൊബൈൽ ഫോൺ നഷ്ടമായ സമയത്ത് ഈ പ്രദേശത്ത് ആയുർവ്വേദ ഉത്പന്നങ്ങളുമായി ഒരാൾ എത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്.
തുടർന്ന് മാള പൊലീസ് സ്റ്റേഷനിലെത്തുകയും മൊബൈൽ മോഷണം പോയതായി പരാതി നൽകുകയും ചെയ്തു. സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതിനിടെ ബസ് സ്റ്റോപ്പിൽ സമാന ആയുർവ്വേദ പ്രൊഡക്ടുകൾ വിൽക്കാനെത്തിയ കുറച്ചുപേരെ കണ്ടു. ഇവരിൽ നിന്ന് കമ്പനി മാനേജരുടെ മൊബൈൽ നമ്പർ കാര്യം അറിയിച്ചു. അയൽവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെത്തിയ ആളുടെ ഏകദേശ രൂപം പറഞ്ഞുകൊടുത്തു.
തുടർന്ന് മാനേജർ നാല് ഫോട്ടോകൾ അയച്ചുനൽകി. നാട്ടുകാരെ കാണിച്ച് ഇതിൽ നിന്ന് വീട്ടിലെത്തിയയാളുടെ ഫോട്ടോ കണ്ടെത്തി മാനേജരെ അറിയിച്ചു. മാനേജർ ഇയാളെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്തപ്പോൾ ഫോൺ എടുത്തതായി സമ്മതിച്ചു. ഫോൺ മാനേജർക്ക് നൽകി ഇയാൾ മുങ്ങി. മാള പൊലീസ് സ്റ്റേഷനിലെത്തി മാനേജർ ജസ്നയുടെ ഫോൺ തിരിച്ച് നൽകി. എന്നാൽ അയൽവാസിയുടെ ഫോൺ ലഭിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam