സുശീലക്ക് 703 വോട്ടുകളും ബിജെപി സ്ഥാനാർഥി നിത്യ രതീഷിന് 279 വോട്ടുകളും ലഭിച്ചപ്പോൾ ലതിക സുഭാഷ് നേടിയത് വെറും 113 വോട്ടുകളാണ്.
കോട്ടയം: കോട്ടയം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ലതികാ സുഭാഷിന് വമ്പൻ തോൽവി. 48-ാം വാർഡായ തിരുനക്കരയിൽ ലതികാ സുഭാഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ലതിക. യുഡിഎഫിലെ സുശീല ഗോപകുമാറാണ് ഇവിടെ വിജയിച്ചത്. സുശീലക്ക് 703 വോട്ടുകളും ബിജെപി സ്ഥാനാർഥി നിത്യ രതീഷിന് 279 വോട്ടുകളും ലഭിച്ചപ്പോൾ ലതിക സുഭാഷ് നേടിയത് വെറും 113 വോട്ടുകളാണ്. 2021ൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിന്റെ പേരിൽ കോൺഗ്രസ് വിട്ട ലതികാ സുഭാഷ്, പിന്നീട് എൻസിപിയിൽ ചേർന്നു. അപ്രതീക്ഷിതമായിട്ടാണ് കോട്ടയത്ത് മത്സരത്തിനിറങ്ങിയത്. കോട്ടയം നഗരസഭയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 31 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിന് 15 സീറ്റുകളിലും എൻഡിഎ 6 സീറ്റുകളിലും വിജയിച്ചു.
