
തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. സംഭവത്തില്‍ മൂന്നുപേര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായി. ജീവനക്കാരനായ കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52), ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍ വര്‍ഗ്ഗീസ് (52) എന്നിവരാണ് അറസ്റ്റിലായത്. അജിത്ത് കുമാറും മുകേഷും സഹോദരങ്ങളാണ്.
മുണ്ടൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്നുള്ള 1028.85 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ചാവ്വാഴ്ച രാത്രി 7.45-ന് ആയിരുന്നു സംഭവം. ആഭരങ്ങള്‍ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. അജിത് കുമാര്‍ അറിയിച്ചതനുസരിച്ച് സഹോദരന്‍ മുകേഷം കൂട്ടാളികളും കാറില്‍ എത്തുകയായിരുന്നു.
കാറില്‍ വന്നമൂന്നംഗസംഘം ചുങ്കത്തിനടുത്തുവെച്ച് സ്‌കൂട്ടര്‍ തടഞ്ഞ് ബലമായി കാറില്‍കയറ്റികൊണ്ടുപോകുകയും പാലക്കാട്ടുവെച്ച് സ്വര്‍ണവും മൊബൈല്‍ഫോണും തട്ടിയെടുത്ത് അവിടെ ഇറക്കിവിടുകയും ചെയ്തുവെന്നാണ് അജിത്കുമാര്‍ സ്ഥാപനം ഉടമയെ വിളിച്ച് അറിയിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാടകം പൊളിയുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.വെസ്റ്റ് എസ്.ച്ച് ഒ. ടി.പി.ഫര്‍ഷാദ്, എസ്.ഐ.വിജയന്‍, സി.പി.ഒ.മാരായ സുഫീര്‍, ജോവിന്‍സ്, ചന്ദ്രപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Read more: 'ചലാൻ അടക്കേണ്ടി വന്നില്ല', റോഡിലെ അഭ്യാസികൾക്ക് സംഭവിച്ചതിന്റെ വീഡിയോയുമായി എംവിഡി!
അതേസമയം, ഇടുക്കി കുഞ്ചിത്തണ്ണിയിൽ ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ പിടിയിലായി. വെള്ളത്തൂവൽ, മുതിരപ്പുഴ സ്വദേശികളായ 17 വയസ്സുകാരാണ് പൊലീസ് പിടിയിലായത്. കുഞ്ചിത്തണ്ണി സ്വദേശി പൂതക്കുഴി ജെഫിൻ സോബിയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന ബൈക്ക് കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. മൂന്നാർ ഹെർക്സ് അണക്കെട്ടിന്റെ പരിസരത്തുനിന്നാണ് വാഹനം നഷ്ടപ്പെട്ടത്.
ഇയാൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് രാജാക്കാട്, അടിമാലി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നാല് ബൈക്കുകൾ കൂടി ഇവര്‍ മോഷ്ടിച്ചതായി കണ്ടെത്തി. ബൈക്കുകൾ നമ്പർപ്ലേറ്റുകൾ അഴിച്ചുമാറ്റിയും, രൂപമാറ്റം വരുത്തിയും വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ.അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam