
റാഞ്ചി: ജാർഖണ്ഡിൽ ആദ്യമായി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ തീരുമാനം. 2013ൽ ഇവിഎം അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് സംസ്ഥാനത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നത്. ഇവിഎമ്മുകളുടെ ലഭ്യതക്കുറവാണ് മാറ്റത്തിന് കാരണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജാർഖണ്ഡിൽ ആവശ്യമായ എണ്ണം മെഷീനുകൾ ഇല്ല. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഇവിഎമ്മുകൾ നൽകാൻ കഴിയില്ലെന്ന് മറ്റ് സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്. ഇവിഎമ്മുകൾ നിർമ്മിക്കുന്ന കമ്പനി സംസ്ഥാനത്തിനായി പുതിയ മെഷീനുകൾ നിർമ്മിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും സമയം ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിച്ചുവെന്നും ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി രാധേശ്യം പ്രസാദ് പറഞ്ഞു.
വ്യത്യസ്ത സ്ഥാനങ്ങൾക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കും. ഒരു നിറം ചെയർപേഴ്‌സൺ സ്ഥാനത്തിനും മറ്റൊന്ന് വാർഡ് അംഗങ്ങൾക്കും ആയിരിക്കും ഉപയോഗിക്കുക. വോട്ടർമാർക്ക് രണ്ട് ബാലറ്റ് പേപ്പറുകൾ ലഭിക്കുകയും പ്രത്യേക ബാലറ്റ് ബോക്സുകളിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്യും. ബാലറ്റ് പേപ്പറുകൾ പിങ്ക്, വെള്ള നിറങ്ങളിൽ അച്ചടിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഓരോ ജില്ലയിലെയും പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ആവശ്യമായ ബാലറ്റ് പെട്ടികൾ ലഭ്യമാണെന്നും ആവശ്യമായ എണ്ണം വിലയിരുത്തുമെന്നും പ്രസാദ് സ്ഥിരീകരിച്ചു. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ പഴയ പെട്ടികളുടെ പെയിന്റിംഗ്, അറ്റകുറ്റപ്പണികൾ എന്നിവയും ആരംഭിച്ചിട്ടുണ്ട്. സമയവും വിഭവങ്ങളും ലാഭിക്കുന്നതിനും മികച്ച സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനുമായി കൊൽക്കത്തയ്ക്ക് പകരം റാഞ്ചിയിൽ ഇത്തവണ ബാലറ്റ് പേപ്പറുകൾ അച്ചടിക്കാൻ കമ്മീഷൻ തീരുമാനിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam