
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളിൽ നിന്നും കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ സിഇഒ കാർത്തിക പ്രദീപ് പിടിയിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ആണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും, ജോലി ലഭിച്ചില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ടു നിന്നാണ് കാർത്തികയെ കസ്റ്റഡിയിൽ എടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് തൃശൂർ സ്വദേശിനിയുടെ പരാതി.
2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്. ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് എന്നിവടങ്ങളിൽ നിന്നായി അഞ്ച് പേർ കാർത്തികയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൌസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് കാർത്തിക പണം തട്ടിയെടുത്തതെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
നൂറിലേറെ ഉദ്യോഗാർഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ജോലി തേടിയെത്തിയ ഉദ്യോഗാർഥികളിൽനിന്ന് മൂന്ന് മുതൽ 8 ലക്ഷം രൂപ വരെയാണ് കാർത്തിക വാങ്ങിയിരുന്നത്. പണവും രേഖകളും നൽകിയതിന് ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർഥികൾ പൊലീസിനെ സമീപിച്ചത്. താൻ യുക്രെയ്നിൽ ഡോക്ടറാണെന്നാണ് കാർത്തിക അവകാശപ്പെടുന്നത്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും കാർത്തികയുടെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി എന്ന സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.
പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൌസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam