
കോഴിക്കോട്: ഫൂട്ട്പാത്തിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രത്തിലെ സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം(33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.50ഓടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസില്‍ നിന്നും ഇറങ്ങിയതായിരുന്നു ജാഫര്‍. ഫൂട്ട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ ജാഫറിനെയും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ അസീസിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അസീസ് അദ്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ജാഫറിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിറാജ് പത്രത്തിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്ത ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. കണ്ണൂര്‍ മുണ്ടേരിമൊട്ട കോളില്‍മൂല സ്വദേശിയാണ്. പുതിയപുരയില്‍ അബ്ദു റഹീം - ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam